ഗോതമ്പ് കയറ്റുമതി നിരോധനം : ഇന്ത്യയ്ക്കെതിരെ വിമര്‍ശനവുമായി ജി സെവന്‍ രാജ്യങ്ങള്‍

google news
wheat

ബെര്‍ലിന്‍: ഗോതമ്പ് കയറ്റുമതി നിരോധിച്ച ഇന്ത്യയുടെ നടപടിക്കെതിരെ വിമര്‍ശനവുമായി ജി സെവന്‍ രാജ്യങ്ങള്‍.ജര്‍മ്മനി അടക്കമുള്ള രാജ്യങ്ങളാണ് കയറ്റുമതി നിരോധനത്തെ വിമര്‍ശിച്ച്‌ രംഗത്തെത്തിയത്.'ഓരോ രാജ്യങ്ങളും സാമഗ്രികളുടെ വിലക്കയറ്റത്തെ ഭയന്ന് ഇപ്രകാരം കയറ്റുമതി നിരോധിക്കുകയും വിപണി നിഷേധിക്കുകയും ചെയ്താല്‍, അത് സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കാന്‍ മാത്രമേ ഉപകരിക്കൂ!' ജര്‍മ്മന്‍ കൃഷിവകുപ്പ് മന്ത്രി ജെം ഓസ്ഡെമിര്‍ പ്രഖ്യാപിച്ചു.

ഗോതമ്പിന്റെ വില കുത്തനെ വര്‍ദ്ധിച്ചത് കാരണമാണ് രാജ്യം കയറ്റുമതിയ്‌ക്ക് നിരോധനം ഏര്‍പ്പെടുത്തിയത്. ഒരു ദശാബ്ദത്തിന്റെ ഇടയില്‍ ഏറ്റവും വലിയ വിലക്കയറ്റമാണ് ഇപ്പോള്‍ നടക്കുന്നത്. ഏപ്രില്‍ മാസം മുതല്‍ക്കു തന്നെ ഇതിന്റെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയിരുന്നു.പന്ത്രണ്ടാം ആഴ്ചയിലേക്ക് കടക്കുന്ന ഉക്രൈന്‍- റഷ്യന്‍ യുദ്ധത്തിന്റെ ഫലമായാണ് ഇപ്പോള്‍ വില വര്‍ദ്ധനവ് ഉണ്ടായിരിക്കുന്നത്. കരിങ്കടല്‍ മുഖേന നടക്കുന്ന ഗോതമ്പ് കയറ്റുമതി, മൂലം തടസ്സപ്പെട്ടതാണ് കാരണം. ലോകത്ത് കയറ്റുമതി ചെയ്യുന്ന ഗോതമ്പിന്റെ 12 ശതമാനവും ഉക്രൈനാണ് സംഭാവന ചെയ്തിരുന്നത്.

ലോകത്ത് ഏറ്റവും കൂടുതല്‍ ഗോതമ്പ് ഉല്പാദിപ്പിക്കുന്ന രാഷ്ട്രങ്ങളില്‍ രണ്ടാമതാണ് ഇന്ത്യ. രാജ്യത്തെ വിലക്കയറ്റം നിര്‍ത്താന്‍ വേണ്ടിയാണ് ഗോതമ്പിന്റെ കയറ്റുമതി നിരോധിക്കുന്നതെന്ന് വിദേശ വാണിജ്യ ഡയറക്ടറേറ്റ് ജനറല്‍ വെള്ളിയാഴ്ച ഇറക്കിയ പ്രസ്താവനയില്‍ പറയുന്നു. എന്നാല്‍, ഭക്ഷ്യക്ഷാമം നേരിടുന്ന രാജ്യങ്ങളിലേക്കുള്ള കയറ്റുമതിയില്‍ മുന്‍ഗണനാക്രമത്തില്‍ ഇളവുണ്ടാകും.

Tags