ഇസ്രായേലിന് വീണ്ടും കോടികളുടെ ആയുധങ്ങൾ നൽകാൻ അനുമതി നൽകി അമേരിക്ക
ന്യൂയോർക്ക്: ഗസ്സ വെടിനിർത്തൽ കരാറിനുള്ള മുറവിളികൾക്കിടെ ഇസ്രായേലിന് വീണ്ടും കോടികളുടെ ആയുധങ്ങൾ നൽകാൻ അമേരിക്ക. 680 മില്യൺ ഡോളറിന്‍റെ ആയുധ വിൽപനക്ക് അമേരിക്കൻ പ്രസിഡന്‍റ് അനുമതി നൽകിയതായാണ് പുറത്തുവരുന്ന വിവരം.
ലബനാനിൽ ഹിസ്ബുല്ലയുമായി ഇസ്രായേൽ വെടിനിർത്തൽ കരാറിലെത്തിയ വിവരം ബൈഡൻ ഔദ്യോഗികമായി പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ഇസ്രായേലിനെ വീണ്ടും ആയുധമണിയിക്കാനുള്ള നീക്കം പുറത്തുവരുന്നത്.
ഗസ്സയിലും വെടിനിർത്തൽ നടപ്പാക്കുമെന്ന് ബൈഡൻ ഉറപ്പ് നൽകിയിരുന്നു. മാസങ്ങളായി ആയുധ വിൽപന പാക്കേജുമായി ബന്ധപ്പെട്ട ചർച്ചകൾ നടക്കുന്നുണ്ട്. കഴിഞ്ഞ സെപ്റ്റംബറിൽ പ്രത്യേക കമ്മിറ്റി ആയുധ കരാർ ചർച്ച ചെയ്യുകയും ഒക്ടോബറിൽ വിപുലമായ അവലോകനത്തിനായി സമർപ്പിക്കുകയും ചെയ്തായി മുതിർന്ന യു.എസ് ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി.