കാപിറ്റോൾ ആക്രമണക്കേസ് : പ്രതിക്ക് നാലു വർഷത്തെ തടവുശിക്ഷ വിധിച്ച് യു.എസ് കോടതി

google news
COURT

ന്യൂയോർക്ക്: കാപിറ്റോൾ ആക്രമണക്കേസിൽ പ്രതിയായ യുവാവിന് നാലു വർഷത്തെ തടവുശിക്ഷ വിധിച്ച് യു.എസ് കോടതി. അഡോൾഫ് ഹിറ്റ്ലറുടേതുപോലെ മീശ വെട്ടി, വേഷം ധരിക്കുന്ന ഇയാൾ കരുതൽ സേനാംഗം കൂടിയാണ്. മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ആരാധകനും അനുയായിയുമായ തിമോത്തി ഹെയ്ൽ ക്യൂസാനെല്ലി (32)യെയാണ് കോടതി ശിക്ഷിച്ചത്.

ഇയാൾ കുറ്റക്കാരനാണെന്ന് മേയിൽ കണ്ടെത്തിയിരുന്നു. വിചാരണക്കിടെ തിമോത്തിയുടെ വാദങ്ങളും കുറ്റസമ്മതങ്ങളുമൊക്കെ വിചിത്രമായിരുന്നു. താൻ 'വൃത്തികെട്ടതും' 'അരോചകവുമായ' കാര്യങ്ങൾ ഇടയ്ക്ക് പറയാറുണ്ടെന്ന് തിമോത്തി കോടതിയിൽ സമ്മതിച്ചു. 'ഇത് ബുദ്ധിശൂന്യമായി തോന്നാം, എന്നാൽ ഞാൻ ന്യൂ ജേഴ്സിക്കാരനാണ്. മന്ദബുദ്ധിയായാണ് എനിക്ക് സ്വയം തോന്നുന്നത്' -ജൂറിക്കു മുമ്പാകെ തിമോത്തി പറഞ്ഞു.

നാസി ആരാധകനായ ഇയാൾ ജൂതർ, ന്യൂനപക്ഷങ്ങൾ, വനിതകൾ എന്നിവർക്കെതിരെ തീവ്ര ചിന്താഗതി വെച്ചുപുലർത്തിയിരുന്നതായി ഇയാളുടെ സഹപ്രവർത്തകർ അന്വേഷണ സംഘത്തോട് വ്യക്തമാക്കിയിരുന്നു. ഒരു ആയുധ വിതരണ കടയിൽ കരാൾ തൊ​ഴിലാളിയായി ജോലി ചെയ്യുകയായിരുന്നു തിമോത്തി. കാപിറ്റോൾ ആക്രമണത്തിൽ പ​​ങ്കെടുത്തതിന് കോൺഗ്രസ് അംഗങ്ങളോടും നിയമപാലന ഉദ്യോഗസ്ഥരോടും വിചാരണക്കിടെ തിമോത്തി മാപ്പു പറഞ്ഞു. 'എന്റെ യൂനിഫോമിനെയും രാജ്യത്തെയും ഞാൻ അവഹേളിച്ചു' എന്നായിരുന്നു ഇയാളുടെ കുറ്റസമ്മതം.

അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ട്രംപ് തോറ്റതിനെ തുടർന്ന് അദ്ദേഹത്തിന്റെ അനുയായികൾ 2021 ജനുവരി ആറിന് വാഷിങ്ടണിലെ കാപിറ്റോൾ ബിൽഡിങ്ങിനുനേരെ ആക്രമണം നടത്തുകയായിരുന്നു. കാപിറ്റോളിൽ നടക്കുകയായിരുന്ന യു.എസ് കോൺഗ്രസ് തടസ്സപ്പെടുത്താൻ ശ്രമിച്ചുവെന്നതുൾപെടെയുള്ള കുറ്റങ്ങളാണ് തിമോത്തിക്കെതിരെ ചുമത്തിയിരുന്നത്. യു.എസ് കോൺഗ്രസ് കാപിറ്റോളിൽ നടക്കുന്നത് തനിക്ക് അറിയില്ലായിരുന്നുവെന്ന തിമോത്തിയുടെ വാദം കോടതി മുഖവിലക്കെടുത്തില്ല.

Tags