
കിയെവ് : യുദ്ധത്തിന്റെ ദൈര്‍ഘ്യം ആര്‍ക്കും പ്രവചിക്കാന്‍ കഴിയില്ലെന്ന് യുക്രൈന് പ്രസിഡവന്റ് വോളോഡിമര്‍ സെലെന്‍സ്കി.രാജ്യത്തെ പൗരന്മാരെ അഭിസംബോധന ചെയ്തുകൊണ്ടുള്ള തന്റെ രാത്രികാല വീഡിയോ പ്രസംഗത്തിലാണ് സെലെന്‍സ്കി ഇക്കാര്യം പറഞ്ഞത്.
"യുദ്ധത്തിന് ദൈര്‍ഘ്യം ആര്‍ക്കും പ്രവചിക്കാന്‍ കഴിയില്ല. രാജ്യത്തിനായി പരമാവധി പരിശ്രമിക്കുന്ന പൗരന്മാരെയും നമ്മുടെ പങ്കാളികളായ യൂറോപ്യന്‍ രാജ്യങ്ങളെയും മുഴുവന്‍ സ്വതന്ത്രലോകത്തെയും എല്ലാം ആശ്രയിച്ചായിരിക്കും യുദ്ധത്തിന് ദൈര്‍ഘ്യം." എന്നായിരുന്നു സെലെന്‍സ്കിയുടെ വാക്കുകള്‍.
നിലവില്‍ യുദ്ധം ആരംഭിച്ച് പന്ത്രണ്ടോളം ആഴ്ചകള്‍ കഴിഞ്ഞു. ഫെബ്രുവരി 24 നാണ് റഷ്യയുടെ യുക്രൈന് അധിനിവേശം ആരംഭിച്ചത്. മോസ്കോയെ ഭീഷണിപ്പെടുത്താന്‍ അമേരിക്ക യുക്രൈനെ ഉപയോഗിക്കുന്നതിനാലും. റഷ്യന്‍ സംസാരിക്കുന്ന ജനങ്ങളെ യുക്രൈന് പീഡിപ്പിക്കുന്നതിനാലും ഇവിടെ റഷ്യയുടെ പ്രത്യേക സൈനിക നടപടി അനിവാര്യമാണെന്ന് പറഞ്ഞുകൊണ്ടായിരുന്നു റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന് അധിനിവേശത്തിന് തുടക്കം കുറിച്ചത്.
അതേ സമയം യുദ്ധത്തില്‍ യുക്രൈനില്‍ നടന്ന മനുഷ്യാവകാശ ലംഘനങ്ങളുടെ പേരില്‍ റഷ്യ വിമര്‍ശനം നേരിടുന്നുണ്ട്. സംഭവത്തില്‍ ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൗണ്‍സില്‍ ഇതിനകം തന്നെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.നിലവില്‍ രാജ്യത്തിന്റെ പട്ടണങ്ങളും ഗ്രാമങ്ങളും റഷ്യന്‍ സൈന്യത്തില്‍ നിന്ന് തിരിച്ചുപിടിച്ചതായി സെലെന്‍സ്കി വെള്ളിയാഴ്ച പറഞ്ഞു. വൈദ്യുതി, ജല വിതരണം, ടെലിഫോണ്‍ ആശയവിനിമയങ്ങള്‍, സാമൂഹിക സേവനങ്ങള്‍ എന്നിവ പുനഃസ്ഥാപിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.