ട്രംപുമായി കൂടിക്കാഴ്ച നടത്തി ട്രൂഡോ
വാഷിങ്ടൺ: നിയുക്ത യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തി കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. വെള്ളിയാഴ്ച ഫ്ലോറിഡയിലെ ഡൊണാൾഡ് ട്രംപിന്റെ മാര്‍-എ-ലാഗോ ആഡംബര എസ്റ്റേറ്റില്‍ വെച്ച് ഇരുവരും കൂടിക്കാഴ്ച നടത്തിയതായി കനേഡിയന്‍, അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കാനഡയില്‍ ഇറക്കുമതി തീരുവ ചുമത്തുമെന്ന് ഡൊണൾഡ് ട്രംപ് പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് ട്രൂഡോയുടെ സന്ദര്‍ശനം.
ട്രൂഡോയുടെ വിമാനം പാം ബീച്ച് രാജ്യാന്തര എയര്‍പോര്‍ട്ടില്‍ ഉച്ചകഴിഞ്ഞാണ് ഇറങ്ങിയതെന്നാണ് വിവരം. ട്രൂഡോ ട്രംപിനൊപ്പം ഭക്ഷണം കഴിക്കുമെന്നും അദ്ദേഹത്തിന്റെ പൊതു സുരക്ഷാ മന്ത്രി ഡൊമിനിക് ലെബ്ലാങ്കും യാത്രയില്‍ ഒപ്പമുണ്ടായിരുന്നുവെന്നും കനേഡിയന്‍ മാധ്യമമായ സിബിസി റിപ്പോര്‍ട്ട് ചെയ്തു. അപ്രഖ്യാപിത യാത്രയെ കുറിച്ച് പ്രധാനമന്ത്രിയുടെ ഓഫീസ് സ്ഥിരീകരണമൊന്നും നടത്തിയിട്ടില്ല.