ഐഎസ് ഭീകരുടെ ഭാര്യമാരേക്കുറിച്ച് നാടകം ; റഷ്യൻ നാടക സംവിധായികമാർക്ക് തടവ് ശിക്ഷ

jail
jail

മോസ്കോ : ഐഎസ് ഭീകരുടെ ഭാര്യമാരേക്കുറിച്ച് നാടകം. റഷ്യൻ നാടക സംവിധായികമാർക്ക് തടവ് ശിക്ഷ. ‘ദി ബ്രേവ് ഫാൽക്കൺ ഫിനിസ്റ്റ്’ എന്ന നാടകമാണ് റഷ്യയിൽ വൻ വിവാദമായിരിക്കുന്നത്.

നടന്ന സംഭവങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയ നാടകത്തിൽ ഭീകരവാദത്തെ ന്യായീകരിക്കുന്ന ഘടകങ്ങളുണ്ടെന്നാണ് മോസ്കോയിലെ സൈനിക കോടതി കണ്ടെത്തിയത്. നാടക സംവിധായികയും നാടകകൃത്തും കവിയുമായ എവ്ജീനിയ ബെർകോവിച്ച്, നാടകകൃത്തായ സ്വെറ്റ്‌ലാന പെട്രിചുക്ക് എന്നിവർക്കാണ് ആറ് വർഷത്തെ തടവ് ശിക്ഷ വിധിച്ചിരിക്കുന്നത്.

2023 മെയ് മാസം മുതൽ കസ്റ്റഡിയിലാണ് 44കാരിയായ സ്വെറ്റ്‌ലാന പെട്രിചുക്കും 39കാരിയായ എവ്ജീനിയ ബെർകോവിച്ചും. ഭീകരവാദത്തെ പ്രോത്സാഹിപ്പിച്ചുവെന്നതാണ് ഇവർക്കെതിരായി തെളിഞ്ഞിരിക്കുന്ന കുറ്റം. റഷ്യൻ യുവതികൾക്ക് ഐഎസ് ഭീകരവാദികൾക്കൊപ്പം ചേരാൻ പ്രോത്സാഹനം നൽകുന്നതാണ് ‘ദി ബ്രേവ് ഫാൽക്കൺ ഫിനിസ്റ്റ്’ എന്ന നാടകമെന്നും സൈനിക കോടതി വിലയിരുത്തി. ആറ് വർഷത്തെ തടവ് കാലത്തിന് ശേഷം വൈബ് സൈറ്റുകൾ കൈകാര്യം ചെയ്യുന്നതിനും ഇവർക്ക് വിലക്കുണ്ട്.

2020ൽ പ്രദർശിപ്പിച്ച ഈ നാടകം നാടക മേഖലയ്ക്ക് റഷ്യയിലെ ഏറ്റവും ഉയർന്ന ബഹുമതിയായ ഗോൾഡൻ മാസ്ക് അവാർഡ് രണ്ട് തവണ നേടിയിരുന്നു. കഥയിലെ പ്രധാന കഥാപാത്രം തീവ്രവാദ സംഘത്തിൽ ചേർന്നതിൽ വഞ്ചിക്കപ്പെട്ടതായി തോന്നി തിരികെ എത്തുന്നതും രാജ്യത്ത് തീവ്രവാദിയെന്ന രീതിയിൽ ജയിലിൽ അടയ്ക്കുന്നതുമാണ് നാടകത്തിന്റെ സാരാംശം. ഭീകരവാദത്തിനെതിരായ സന്ദേശം നൽകുന്ന നാടകം എങ്ങനെയാണ് തെറ്റായ സന്ദേശം നൽകുന്നതെന്ന് വ്യക്തമാവുന്നില്ലെന്നാണ് എവ്ജീനിയ ബെർകോവിച്ച് കോടതിയിൽ അറിയിച്ചത്.

പാതി അടച്ചിട്ട കോടതി മുറിയിലായിരുന്നു ഇവരുടെ വിചാരണ നടന്നത്. റഷ്യയിലെ ആവിഷ്കാര സ്വാതന്ത്ര്യത്തേക്കുറിച്ച കടുത്ത ആശങ്ക പങ്കുവയ്ക്കുന്നതാണ് കോടതി വിധിയെന്നാണ് അന്തർ ദേശീയ മാധ്യമങ്ങൾ വിലയിരുത്തുന്നത്. 2022ലെ യുക്രൈൻ അധിനിവേശത്തിന് പിന്നാലെ വലിയ രീതിയിലുള്ള വിലക്കുകളും സമ്മർദവുമാണ് റഷ്യയിലെ കലാരംഗം നേരിടുന്നതായാണ് മാധ്യമ റിപ്പോർട്ടുകൾ.

Tags