യുക്രെയ്നിൽ റഷ്യയുടെ മിസൈലാക്രമണം ; 41 പേർ കൊല്ലപ്പെട്ടു, 180ലേറെ പേർക്ക് പരിക്ക്
കിയവ്: യുക്രെയ്നിലേക്ക് റഷ്യ നടത്തിയ മിസൈലാക്രമണത്തിൽ 41 പേർ കൊല്ലപ്പെട്ടു. 180ലേറെ പേർക്ക് പരിക്കേറ്റു. യുക്രെയ്ൻ നഗരമായ പൊൾട്ടാവയിലെ സൈനിക ഇൻസ്റ്റിറ്റ്യൂട്ടിന് നേരെയാണ് റഷ്യ രണ്ട് ബാലിസ്റ്റിക് മിസൈലുകൾ തൊടുത്തതെന്ന് പ്രസിഡന്‍റ് വ്ലോദിമിർ സെലൻസ്കി പറഞ്ഞു.
യുക്രെയ്നിലേക്ക് ഏതാനും ആഴ്ചകളായി റഷ്യ ആക്രമണം കടുപ്പിച്ചിരിക്കുകയാണ്. തിങ്കളാഴ്ച തലസ്ഥാനമായ കിയവിനെ ലക്ഷ്യമിട്ടും മിസൈലുകൾ തൊടുത്തിരുന്നു. റഷ്യൻ ആക്രമണത്തിന് മറുപടിയായി കഴിഞ്ഞ ദിവസങ്ങളിൽ റഷ്യൻ മേഖലയിലേക്ക് യുക്രെയ്ൻ ഡ്രോൺ ആക്രമണം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് റഷ്യ ഇന്ന് കനത്ത മിസൈലാക്രമണം നടത്തിയത്.
റഷ്യയിലെ ഊർജനിലയങ്ങൾ ലക്ഷ്യമിട്ടായിരുന്നു യുക്രെയ്ൻ ഡ്രോൺ ആക്രമണങ്ങൾ നടത്തിയത്. മോസ്കോ ഓയിൽ റിഫൈനറി പരിസരത്ത് ഡ്രോൺ അവശിഷ്ടങ്ങൾ വീണു തീപിടിത്തമുണ്ടായി.
മധ്യറഷ്യയിൽ ടിവിർ മേഖലയിലെ കനാകവ ഊർജനിലയത്തിനു സമീപവും ഉഗ്രസ്ഫോടനങ്ങളുണ്ടായി. ഒറ്റ രാത്രിയിൽ വിവിധ പ്രവിശ്യകളിലായി 158 ഡ്രോണുകൾ വെടിവച്ചിട്ടതായി റഷ്യൻ അധികൃതർ പറഞ്ഞു. റഷ്യയുടെ യുക്രെയ്ൻ അധിനിവേശം രണ്ടര വർഷമായി തുടരുകയാണ്.