ലൈംഗിക ബന്ധത്തിനിടെ സമ്മതമില്ലാതെ കോണ്ടം ഊരി മാറ്റുന്നതിനെതിരെ നിയമം
quantum

‘കൺസന്റ് ഇസ് കീ ആക്ട്’ എന്ന പേര് നൽകിയിരിക്കുന്ന മറ്റൊരു ബില്ലിൽ വിവിധ സ്റ്റേറ്റുകൾക്ക് സ്വന്തം നിലയ്ക്ക് നിയമനിർമാണം നടത്താനുള്ള അനുമതിയും നൽകുന്നുണ്ട്.

ലൈംഗിക ബന്ധത്തിനിടെ പങ്കാളി അറിയാതെ കോണ്ടം ഊരി മാറ്റുന്നതിനെതിരെയുള്ള നിയമനിർമ്മാണത്തിന് നീക്കം നടത്തി അമേരിക്ക. കഴിഞ്ഞ മാസം അവതരിപ്പിച്ച ബില്ലിൽ ‘സ്റ്റെൽതിംഗ്’ എന്ന ഈ കുറ്റകൃത്യത്തെ ലൈംഗിക അതിക്രമത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തിയിരുന്നു. ഇത്തരം നടപടിക്ക് ഇരകളാകുന്നവർക്ക് നിയമപരമായ പരിരക്ഷ ലഭിക്കുന്നതിനും, കുറ്റക്കാരെ ശിക്ഷിക്കുന്നതിനും ഈ നീക്കം വഴിയൊരുക്കും.

‘കൺസന്റ് ഇസ് കീ ആക്ട്’ എന്ന പേര് നൽകിയിരിക്കുന്ന മറ്റൊരു ബില്ലിൽ വിവിധ സ്റ്റേറ്റുകൾക്ക് സ്വന്തം നിലയ്ക്ക് നിയമനിർമാണം നടത്താനുള്ള അനുമതിയും നൽകുന്നുണ്ട്.

2021 സെപ്റ്റംബർ 14 ന് സ്റ്റെൽതിംഗിനെതിരെ കാലിഫോർണിയ ബിൽ അവതരിപ്പിച്ചിരുന്നു. ഒക്ടോബർ 8ന് നിയമം പാസാക്കുകയും ചെയ്തു. അമേരിക്കയിൽ ലൈംഗിക ബന്ധത്തിനിടെ പങ്കാളി അറിയാതെ കോണ്ടം ഊരി മാറ്റുന്നത് നിയമവിരുദ്ധമാക്കിയ ആദ്യ സ്റ്റേറ്റ് ആയി ഇതോടെ കാലിഫോർണിയ. അന്ന് കാരോലിൻ ബി മലോണി, നോർമ ജെ ടോറസ്, റോ ഖാൻ എന്നിവരാണ് ബിൽ മുന്നോട്ടുവച്ചത്.

തുടർന്നാണ് രാജ്യം മുഴുവൻ ഇത്തരമൊരു നിയമം കൊണ്ടുവരാനുള്ള ബിൽ ആലോചനയിൽ വന്നത്. സ്‌റ്റെൽതിംഗ് എന്നത് അന്തസ്, വിശ്വാസം എന്നിവയുടെ വലിയ ലംഘനമാണെന്നും, മാനസികവും ലൈംഗികമായുള്ള പീഡനമാണെന്നും സ്റ്റെൽതിംഗ് ആക്ട് 2022 എന്ന ഹൗസ് ബില്ലിൽ പറയുന്നു.

2017 ൽ മെൽബൺ സെക്ഷ്വൽ ഹെൽത്ത് സെന്റർ ആന്റ് മൊനാഷ് യൂണിവേഴ്‌സിറ്റി സ്റ്റഡി നടത്തിയ പഠനം പ്രകാരം മൂന്നിൽ ഒരു സ്ത്രീ സ്റ്റെൽതിംഗിന് വിധേയമാകുന്നുണ്ടെന്നാണ് കണക്ക്. 2019 ൽ ജേക്കബസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വുമൻസ് ഹെൽത്ത് 21 വയസിനും 30 വയസിനും മധ്യേയുള്ള സ്ത്രീകളിൽ നടത്തിയ പഠനത്തിൽ 12% പേരും സ്റ്റെൽതിംഗിന് വിധേയരാകുന്നുണ്ടെന്ന് പറയുന്നു. 2019 ൽ സൈക്ക്ഇൻഫോ 626 പുരുഷന്മാരിൽ നടത്തിയ പഠനത്തിൽ 10 ശതമാനം പേരും പങ്കാളിയുടെ സമ്മതമില്ലാതെ കോണ്ടം ഊരി മാറ്റാറുണ്ടെന്ന് സമ്മതിച്ചിരുന്നു.ഗർഭഛിദ്രത്തിനുള്ള അവകാശവും മറ്റും സ്ത്രീകൾക്ക് നിഷേധിക്കപ്പെടുന്ന ഇക്കാലത്ത് സ്റ്റെൽതിംഗിനെതിരായ നിയമം അനിവാര്യമാണെന്നാണ് സ്ത്രീകൾ വിലയിരുത്തുന്നു.

 

Share this story