ബഹിരാകാശ യാത്ര നടത്തിയ ആദ്യത്തെ അറബ് വനിത ; ഗിന്നസിൽ ഇടം നേടി റയാന ബര്‍നാവി

RayanaBarnawi
RayanaBarnawi

റിയാദ്: ബഹിരാകാശ യാത്ര നടത്തിയ ആദ്യത്തെ അറബ് വനിത എന്നതില്‍ ഗിന്നസ് വേള്‍ഡ് റെക്കോഡ് കരസ്ഥമാക്കി സൗദിയുടെ അഭിമാനമായ റയാന ബര്‍നാവി. ബയോമെഡിക്കല്‍ സയന്‍സസിലെ ഗവേഷകയാണ് 34കാരിയായ റയാന ബര്‍നാവി.

 2023 മേയ് 21നാണ് യു.എസിലെ ഫ്‌ലോറിഡ കെന്നഡി ബഹിരാകാശ കേന്ദ്രത്തില്‍നിന്നും സൗദി ബഹിരാകാശ സഞ്ചാരി അലി അല്‍ഖര്‍നിക്കൊപ്പം റയാന ബര്‍നാവി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് യാത്ര നടത്തിയത്. തന്റെ കരിയര്‍ കാന്‍സര്‍ സ്‌റ്റെം സെല്ലുകളുടെ മേഖലകളിലെ ശാസ്ത്ര ഗവേഷണത്തിനും വികസനത്തിനുമായി സമര്‍പ്പിച്ചു. കിങ് ഫൈസല്‍ സ്‌പെഷ്യലിസ്റ്റ് ഹോസ്പിറ്റല്‍ ആന്‍ഡ് റിസര്‍ച്ച് സെന്ററില്‍ ചേര്‍ന്നുകൊണ്ടാണ് ബര്‍നാവിയുടെ ഔദ്യോഗിക ജീവിതത്തിന് തുടക്കം.

ന്യൂസിലാന്‍ഡിലെ ഒട്ടാഗോ സര്‍വകലാശാലയില്‍നിന്ന് ജനിതക എന്‍ജിനീയറിങ്ങിലും ടിഷ്യു വികസനത്തിലും ബിരുദവും അല്‍ഫൈസല്‍ സര്‍വകലാശാലയില്‍നിന്ന് ബയോമെഡിക്കല്‍ സയന്‍സസില്‍ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്.

എട്ട് ദിവസം നീണ്ടുനിന്ന ബഹിരാകാശയാത്രാ ദൗത്യത്തിനിടെ രോഗപ്രതിരോധ കോശങ്ങളുടെ പ്രതികരണവും ജൈവപ്രക്രിയകളില്‍ മൈക്രോ ഗ്രാവിറ്റിയുടെ സ്വാധീനവും പഠിക്കുന്നത് ഉള്‍പ്പെടെ നിരവധി ശാസ്ത്രീയ പരീക്ഷണങ്ങള്‍ ബര്‍നാവി നടത്തി. ഈ പരീക്ഷണങ്ങള്‍ ആഗോളതലത്തില്‍ സൗദിയുടെ ശാസ്ത്രീയ പങ്ക് വര്‍ധിപ്പിക്കുന്നതിന് സംഭാവന നല്‍കി.

Tags