പോരാട്ടം ഡോണ്‍ബാസിലെ ജനങ്ങള്‍ക്ക് വേണ്ടിയെന്ന് പുട്ടിന്‍

google news
putin0

കീവ് : ‌ഡോണ്‍ബാസ് മേഖലയിലെ തങ്ങളുടെ ജനങ്ങളെ സഹായിക്കാനാണ് കിഴക്കന്‍ യുക്രെയിനിലെ സൈനിക നടപടിയിലൂടെ ലക്ഷ്യമിടുന്നതെന്നും ഇവിടുത്തെ ജനജീവിതം സാധാരണഗതിയിലേക്കും മെച്ചപ്പെട്ട നിലവാരത്തിലേക്കും എത്തിക്കുമെന്നും റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുട്ടിന്‍.റഷ്യന്‍ ഭാഷ സംസാരിക്കുന്നവരാണ് ലുഹാന്‍സ്ക്, ഡൊണെസ്ക് എന്നീ വിമത മേഖലകള്‍ ഉള്‍ക്കൊള്ളുന്ന ഡോണ്‍ബാസ് പ്രദേശം.

അതേ സമയം, മരിയുപോളിലെ അസോവ്സ്റ്റല്‍ സ്റ്റീല്‍ പ്ലാന്റില്‍ തുടരുന്ന യുക്രെയിന്‍ സൈനികര്‍ക്ക് ആയുധം വച്ച്‌ കീഴടങ്ങാന്‍ റഷ്യ ഇന്നലെയും അന്ത്യശാസനം നല്‍കിയെങ്കിലും യുക്രെയിന്‍ സൈന്യം പുറത്തുകടന്നിട്ടില്ലെന്നാണ് വിവരം. മരിയുപോളില്‍ ഒരു ആശുപത്രിയെ റഷ്യ ആക്രമിച്ചെന്ന് ആരോപണമുയര്‍ന്നെങ്കിലും പ്രാദേശിക ഭരണകൂടം നിഷേധിച്ചു. മരിയുപോളില്‍ നിന്ന് സ്ത്രീകളെയും കുട്ടികളെയും മുതിര്‍ന്നവരെയും ഒഴിപ്പിക്കാന്‍ മാനുഷിക ഇടനാഴി തുറക്കാന്‍ റഷ്യന്‍ സേന ഇന്നലെ അനുവദിച്ചിരുന്നു.

ഖാര്‍ക്കീവില്‍ ഷെല്ലാക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. 21 പേര്‍ക്ക് പരിക്കേറ്റു. ലുഹാന്‍സ്കില്‍ നൊവോഡ്രൂഷെസ്ക് നഗരത്തില്‍ ഷെല്ലാക്രമണത്തില്‍ ഗ്യാസ് പൈപ്പ്‌ലൈന്‍ തകര്‍ന്നു. ചെര്‍ണോബില്‍ ആണവ പ്ലാന്റുമായുള്ള നേരിട്ടുള്ള ബന്ധം പുനസ്ഥാപിച്ചതായി യുക്രെയിന്‍ അറ്റോമിക് പവര്‍ റെഗുലേറ്റര്‍ അറിയിച്ചു.

കിഴക്കന്‍ യുക്രെയിനിലെ സ്ലോവ്യാന്‍സ്ക് നഗരത്തിലേക്കുള്ള റഷ്യന്‍ സേനയുടെ മുന്നേറ്റം തടഞ്ഞതായി യുക്രെയിന്‍ അവകാശപ്പെട്ടു. അതേ സമയം, റഷ്യയുമായി ' സൗഹൃദത്തിലല്ലാത്ത " രാജ്യങ്ങളില്‍ നിന്നുള്ള മാദ്ധ്യമപ്രവര്‍ത്തകര്‍ക്കുള്ള വിസാ നിയമങ്ങള്‍ റഷ്യ കടുപ്പിച്ചു. യൂറോപ്യന്‍ കൗണ്‍സില്‍ തലവന്‍ ചാള്‍സ് മൈക്കല്‍ യുക്രെയിനില്‍ പ്രസിഡന്റ് വൊളൊഡിമിര്‍ സെലെന്‍സ്കിയുമായി കൂടിക്കാഴ്ച നടത്തി.

Tags