പ്രാങ്ക് ചെയ്യുന്നതിനിടെ അബദ്ധത്തിൽ കാർ ദേഹത്ത് കയറി 46 കാരന് ദാരുണാന്ത്യം
prank

മയോ: സുഹൃത്തിനെ പറ്റിക്കാൻ പ്രാങ്ക് ചെയ്യുന്നതിനിടെ അബദ്ധത്തിൽ കാർ ദേഹത്ത് കയറി 46കാരൻ മരിച്ചു. അയർലൻഡിലെ മയോ സ്വദേശിയും രണ്ട് കുട്ടികളുടെ പിതാവുമായ അലൻ കാലഗൻ (46) ആണ് മരിച്ചത്.

ഭാര്യ ഷാരോണിനും മക്കൾക്കും ഒപ്പം സാൻ ഫ്രാൻസിസ്കോയിൽ താമസിക്കുന്ന അലൻ കുടുംബസമേതം അവധിക്കാലം ആഘോഷിക്കാൻ അയർലൻഡിൽ തിരിച്ചെത്തിയപ്പോഴാണ് ദാരുണാപകടം. കോ മയോയിലെ ആക്കിൽ ദ്വീപിൽ കഴിഞ്ഞ ദിവസം പുലർച്ചെ 3.15 ഓടെയാണ് സംഭവമെന്ന് ഐറിഷ് മിറർ റിപ്പോർട്ട് ചെയ്തു.

സംഭവ ദിവസം രാത്രി സുഹൃത്തുക്കൾ പാർട്ടി നടത്തിയിരുന്നു. എന്നാൽ, ഇതിനിടെ അലൻ പുറത്തിറങ്ങി. തുടർന്ന് അദ്ദേഹത്തെ തെരഞ്ഞ് സുഹൃത്ത് കാറിൽ വരുമ്പോഴാണ് സംഭവം. സുഹൃത്തിനെ ഞെട്ടിക്കാൻ അലൻ തമാശക്ക് റോഡിൽ കിടന്നതായിരുന്നു. ഇത് ശ്രദ്ധയിൽ​പെടാതിരുന്ന സുഹൃത്ത് ഓടിച്ച വാഹനം അലനെ ഇടിച്ച് ദേഹത്ത്കൂടെ കയറിയിറങ്ങിയതാകാമെന്ന് പൊലീസ് പറഞ്ഞു. ഇരുവരും നല്ല പരിചയക്കാരാണെന്നും ഡ്രൈവർ നിരപരാധിയാണെന്നും പൊലീസ് പറഞ്ഞു.

ഗുരുതര പരിക്കേറ്റ അലനെ ഉടൻ തന്നെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കനായില്ല. അലന്റെ സ്വകാര്യ സംസ്‌കാരം ഇന്ന് ഷാനൻ ശ്മശാനത്തിൽ നടക്കും.
 

Share this story