
പ്രാഗ് : ഒരു പര്‍വതത്തില്‍ നിന്ന് മറ്റൊരു പര്‍വതത്തിലേക്കുള്ള യാത്ര. അതും അഗാതമായ താഴ്വരയുടെ മുകളിലൂടെ.സാഹസികത ഇഷ്ടപ്പെടുന്നവര്‍ക്കായി വടക്ക് കിഴക്കന്‍ ചെക്ക് റിപ്പബ്ലിക്കിലെ ഡോല്നി മൊറാവ വെക്കേഷന് റിസോര്‍ട്ടില്‍ ലോകത്തെ ഏറ്റവും നീളമേറിയ തൂക്കു പാലം തുറന്നിരിക്കുകയാണ്. ചെക്ക് റിപ്പബ്ലിക്കിന്റെ തലസ്ഥാനമായ പ്രാഗില്‍ നിന്ന് രണ്ടര മണിക്കൂര്‍ യാത്ര ചെയ്താല്‍ പോളണ്ട് അതിര്‍ത്തിയോട് ചേര്‍ന്ന ഇവിടെ എത്താം.
രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്നേ നിര്‍മ്മാണം ആരംഭിച്ച ' സ്കൈ ബ്രിഡ്ജ് 721 " എന്ന ഈ പാലം വെള്ളിയാഴ്ചയാണ് ഔദ്യോഗികമായി തുറന്നത്. 2,365 അടിയാണ് പാലത്തിന്റെ നീളം. താഴ്വരയില് നിന്ന് 312 അടി ഉയരത്തിലാണ് സ്കൈ ബ്രിഡ്ജ് സ്ഥിതി ചെയ്യുന്നത്.
സമുദ്ര നിരപ്പില്‍ നിന്ന് 1,110 മുതല്‍ 1,116 മീറ്റര്‍ വരെ ഉയരത്തിലാണിത്. ഭയപ്പെടുത്തുന്നതാണെങ്കിലും ആവേശം നിറഞ്ഞ അനുഭവമാണ് സ്കൈ ബ്രിഡ്ജില്‍ കാത്തിരിക്കുന്നത്. കേബിള്‍ കാറിലൂടെയാണ് സഞ്ചാരികള്‍ക്ക് തൂക്കുപാലത്തില്‍ കയറാനാവുക. ഒരു വശത്ത് കൂടി മാത്രമേ സന്ദര്‍ശകരെ നടക്കാന്‍ അനുവദിക്കൂ. 1.2 മീറ്റര്‍ വീതിയുള്ള പാലത്തിന്റെ മറുവശത്ത് കാട്ടിലേക്ക് നയിക്കുന്ന നടപ്പാതയാണ്.