പരിപാലന ചെലവ് കൂടുതൽ ; ഭീമൻ പാണ്ടകളെ തിരിച്ചയക്കാൻ ഒരുങ്ങി ഫിൻലൻഡ്

panda
panda

ഹെൽസിങ്കി: കോടികൾ മുടക്കി ചൈനയിൽ നിന്ന് എത്തിച്ച രണ്ട് ഭീമൻ പാണ്ടകളെ തിരിച്ചയക്കാൻ ഒരുങ്ങി ഫിൻലൻഡ്. പരിപാലന ചെലവ് താങ്ങാനാവാതെയാണ് പാണ്ടകളെ തിരിച്ചയക്കുന്നത്. ഇതിനകം 88 കോടി രൂപ പാണ്ടകൾക്കായി മൃഗശാല ചെലവഴിച്ചു കഴിഞ്ഞു.

2018 ജനുവരിയിലാണ് ലൂമി, പൈറി എന്ന് പേരിട്ട രണ്ട് പാണ്ടകളെ ചൈനയിൽ നിന്ന് ഫിൻലൻഡിലെ അഹ്താരി മൃഗശാലയിലേക്ക് കൊണ്ടുവന്നത്. പാണ്ടകൾക്ക് സൗകര്യം ഒരുക്കാൻ 8 ദശലക്ഷം യൂറോ (ഏകദേശം 74 കോടി രൂപ) മാറ്റിവച്ചു. മൃഗശാല അതോറിറ്റി 1.5 ദശലക്ഷം യൂറോ (ഏകദേശം 14 കോടി രൂപ) ചെലവഴിച്ചു. ഇതുകൂടാതെ മൃഗശാല അധികൃതർ എല്ലാ വർഷവും സംരക്ഷണ ഫീസും നൽകണം.

മൃഗസംരക്ഷണത്തിനായി ഫിൻലൻഡ് ചൈനയുമായി സംയുക്ത കരാറിൽ ഒപ്പുവെച്ചതിന് പിന്നാലെയാണ് ലൂമിയെയും പൈറിയെയും മൃഗശാലയിലേക്ക് കൊണ്ടുവന്നത്. ആ സമയത്ത് കരാർ ചർച്ച ചെയ്യാൻ ചൈനീസ് പ്രസിഡൻറ് ഷി ജിൻപിംഗ് ഫിൻലൻഡ് സന്ദർശിച്ചിരുന്നു. കരാർ പ്രകാരം 15 വർഷത്തേക്കാണ് പാണ്ടകളെ കൈമാറിയത്. ചൈനയിലേക്ക് തിരിച്ചയക്കും മുൻപ് പാണ്ടകളെ ഒരു മാസത്തെ ക്വാറൻറൈനിൽ സൂക്ഷിക്കും. നവംബറിൽ പാണ്ടകളെ ചൈനയിലേക്ക് തിരിച്ചയക്കാനാണ് തീരുമാനം.

Tags