പലസ്തീനെ സ്വതന്ത്ര-പരമാധികാര രാഷ്ട്രമായി അംഗീകരിച്ച് സ്ലോവേനിയ

palastheen

ലുബ്ലിജാന: പലസ്തീനെ സ്വതന്ത്ര-പരമാധികാര രാഷ്ട്രമായി അംഗീകരിച്ച് സ്ലോവേനിയ. പാര്‍ലമെന്റിലെ വോട്ടെടുപ്പിനൊടുവില്‍ സ്ലോവേനിയ പലസ്തീനെ അംഗീകരിക്കുകയായിരുന്നു. ഇതോടെ യുറോപ്പില്‍ നിന്നും പലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കുന്ന നാലാമത്തെ രാജ്യമായി സ്ലോവേനിയ മാറി.

നേരത്തെ സ്‌പെയിന്‍, നോര്‍വെ, അയര്‍ലാന്‍ഡ് തുടങ്ങിയ രാജ്യങ്ങള്‍ പലസ്തീനെ അംഗീകരിച്ചിരുന്നു. സ്ലോവേനിയന്‍ പ്രധാനമന്ത്രി റോബര്‍ട്ട് ഗോലുബ് 1967ലെ അതിര്‍ത്തികള്‍ മുന്‍നിര്‍ത്തി സ്വതന്ത്ര പലസ്തീനെ തന്റെ രാജ്യവും അംഗീകരിക്കാന്‍ പോവുകയാണെന്ന് കഴിഞ്ഞയാഴ്ച വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പാര്‍ലമെന്റില്‍ വോട്ടെടുപ്പ് നടന്നതും സ്ലോവേനിയ പലസ്തീനെ അംഗീകരിച്ചതും.

നിലവില്‍ 148 രാജ്യങ്ങള്‍ പലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിച്ചിട്ടുണ്ട്. യു.എന്നിലെ മൂന്നില്‍ രണ്ട് രാജ്യങ്ങളും ഇപ്പോള്‍ പലസ്തീനെ അംഗീകരിക്കുന്നുണ്ട്. 1967ലെ അതിര്‍ത്തികള്‍ മുന്‍നിര്‍ത്തി പലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കുകയാണെന്നാണ് സ്‌പെയിന്‍ പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് പറഞ്ഞത്. മേഖലയില്‍ ശാശ്വതമായ സമാധാനം കൊണ്ടു വരാന്‍ സ്വതന്ത്ര പലസ്തീന് കഴിയുമെന്നും സാഞ്ചസ് പറഞ്ഞിരുന്നു.

അതേസമയം, ഹമാസ് ബന്ദികളാക്കിയ മൂന്നിലൊന്നിലേറെ പേരും കനത്ത വ്യോമാക്രമണങ്ങളിലും മറ്റുമായി കൊല്ലപ്പെട്ടിട്ടും ഗസ്സയില്‍ വെടിനിര്‍ത്തലിനില്ലെന്ന കടുത്ത നിലപാടില്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹു തുടരുകയാണ്.

രാജ്യത്തിനകത്തും പുറത്തും കനത്ത സമ്മര്‍ദം ഉയര്‍ന്നിട്ടും ഹമാസിനെ ഉന്മൂലനം ചെയ്യുകയാണ് ലക്ഷ്യമെന്നും ശാശ്വതമായി വെടിനിര്‍ത്തില്ലെന്നുമാണ് നെതന്യാഹു കഴിഞ്ഞ ദിവസവും പ്രഖ്യാപിച്ചിരിക്കുന്നത്.

250ഓളം പേരെയാണ് ഒക്ടോബര്‍ ഏഴിന് ഹമാസ് ബന്ദികളാക്കിയിരുന്നത്. ഇതില്‍ നിരവധി പേരെ താല്‍ക്കാലിക വെടിനിര്‍ത്തലിനിടെ വിട്ടയച്ചെങ്കിലും 120ഓളം പേര്‍ ഹമാസ് പിടിയില്‍ തന്നെ തുടരുകയാണ്. ഇവരില്‍ 43 പേര്‍ കൊല്ലപ്പെട്ടെന്നാണ് സ്ഥിരീകരണം.

Tags