ഫലസ്തീനെതിരായ ആക്രമണം വെച്ചുപുറപ്പിക്കില്ല : തുര്‍ക്കിയ പ്രസിഡന്റ്
അങ്കാറ : ഫലസ്തീനെതിരായ ആക്രമണം വെച്ചുപൊറുപ്പിക്കാനാവില്ലെന്നും ഇസ്രായേലില്‍ ഇടപെടുമെന്നും മുന്നറിയിപ്പ് നല്‍കി തുര്‍ക്കിയ പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍.
മുന്‍കാലങ്ങളില്‍ ലിബിയയിലും നഗോര്‍ണോ-കറാബാക്കിലും ചെയ്തതുപോലെ തുര്‍ക്കിയ ഇസ്രായേലിലും ഇടപെടുമെന്നാണ് ഉര്‍ദുഗാന്‍ പറഞ്ഞത്. എന്നാല്‍, ഏത് തരത്തിലുള്ള ഇടപെടലാണ് ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടില്ല.
ഗസ്സയില്‍ ആക്രമണം തുടങ്ങിയതുമുതല്‍ ഇസ്രായേലിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്ന രാജ്യമാണ് തുര്‍ക്കിയ. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരക്കരാര്‍ വരെ ഉര്‍ദുഗാന്‍ ഇടപെട്ട് റദ്ദാക്കിയിരുന്നു. ഗസ്സക്ക് ടണ്‍ കണക്കിന് സഹായ ഹസ്തവും തുര്‍ക്കിയ എത്തിച്ചിരുന്നു. രാജ്യത്തിന്റെ പ്രതിരോധ വ്യവസായത്തെ പ്രശംസിച്ചുകൊണ്ടുള്ള പ്രസംഗത്തിനിടെയാണ് ഇസ്രായേലിന് മുന്നറിയിപ്പ് നല്‍കിയത്.
”ഫലസ്തീന് നേരെ ഇസ്രായേലിന് ഇത്തരം ആക്ഷേപാര്‍ഹമായ കാര്യങ്ങള്‍ ചെയ്യാന്‍ കഴിയാത്തവിധം നമ്മള്‍ വളരെ ശക്തരായിരിക്കണം. കറാബാക്കിലും ലിബിയയിലും നാം ഇടപെട്ടത് പോലെ ഇസ്രായേലിലും ചെയ്‌തേക്കാം’ -അദ്ദേഹം ജന്മനാടായ റൈസില്‍ ഭരണകക്ഷിയായ എ.കെ പാര്‍ട്ടിയുടെ യോഗത്തില്‍ പറഞ്ഞു. ”ഇത് ചെയ്യാതിരിക്കാന്‍ നമുക്ക് ഒരു ന്യായവുമില്ല. നടപടി സ്വീകരിക്കാന്‍ നാം ശക്തരായിരിക്കണം” -യോഗത്തില്‍ ഉര്‍ദുഗാന്‍ കൂട്ടിച്ചേര്‍ത്തു.
2020-ല്‍, ഐക്യരാഷ്ട്രസഭ അംഗീകരിച്ച ലിബിയന്‍ സര്‍ക്കാറിനെ പിന്തുണച്ച് തുര്‍ക്കിയ സൈനികരെ ലിബിയയിലേക്ക് അയച്ചിരുന്നു. നഗോര്‍ണോ-കറാബാക്കില്‍ അസര്‍ബൈജാന്‍ സൈനിക നീക്കം നടന്നപ്പോള്‍ തുര്‍ക്കിയ നേരിട്ട് ഇടപെട്ടിട്ടില്ലെങ്കിലും സൈനിക പരിശീലനമടക്കം നല്‍കിയതായി കഴിഞ്ഞ വര്‍ഷം പറഞ്ഞിരുന്നു.
ഉര്‍ദുഗാന്റെ പ്രസ്താവനക്കെതിരെ ഇസ്രായേല്‍ വിദേശകാര്യ മന്ത്രി ഇസ്രായേല്‍ കാറ്റ്‌സ് രംഗത്തുവന്നു. സദ്ദാം ഹുസൈന്റെ കാല്‍പ്പാടുകളാണ് തുര്‍ക്കിയ പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ പിന്തുടരുന്നതെന്നും സദ്ദാമിന് എന്താണ് സംഭവിച്ചതെന്നും എങ്ങനെ അവസാനിച്ചുവെന്നും അദ്ദേഹത്തിന് ഓര്‍മ വേണമെന്നും ഇസ്രായേല്‍ കാറ്റ്‌സ് എക്സില്‍ എഴുതിയ കുറിപ്പില്‍ പറഞ്ഞു.