ഇമ്രാൻ ഖാ​​ന്‍റെ മോചനം ആവശ്യപ്പെട്ട് ഇസ്‍ലാമാബാദിൽ നടത്തിയ പ്രതിഷേധത്തിൽ ആറ് പാക് സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു

pak
pak

ഇസ്‍ലാമാബാദ് : തടവിലാക്കപ്പെട്ട മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാ​​ന്‍റെ മോചനം ആവശ്യപ്പെട്ട് പാകിസ്താൻ തെഹ്‌രീകെ ഇൻസാഫ് പാർട്ടി (പി.ടി.ഐ)യുടെ അനുയായികൾ ഇസ്‍ലാമാബാദിൽ നടത്തിയ പ്രതിഷേധം അക്രമാസക്തമായതിനെ തുടർന്ന് നാല് അർധസൈനികരും രണ്ട് പൊലീസുകാരും കൊല്ലപ്പെടുകയും 100 ഓളം സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരിക്കേൽക്കുകയും ചെയ്തു. പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചതിനെ തുടർന്ന് തിരിച്ച് കവണ ഉപയോഗിച്ച് കല്ലേറുണ്ടായി.

പി.ടി.ഐയുടെ അനുയായികൾ ഇസ്‍ലാമാബാദിലെ ഡി ചൗക്കിലേക്കുള്ള വഴിയിലെ തടസ്സങ്ങൾ നീക്കി മുന്നോട്ട് നീങ്ങുകയായിരുന്നു. തുടർന്നുണ്ടായ സംഘർഷത്തിനിടയിൽ പാകിസ്താൻ സൈന്യത്തെ ഇറക്കി. അക്രമികളെ ഉരുക്കുമുഷ്ടികൊണ്ട് നേരിടാൻ പാകിസ്താൻ സൈന്യത്തെ വിളിച്ചിട്ടുണ്ടെന്നും കണ്ടാലുടൻ വെടിവക്കാൻ ഉത്തരവുകൾ പുറപ്പെടുവിച്ചിട്ടുണ്ടെന്നും ആഭ്യന്തര മന്ത്രി മൊഹ്‌സിൻ നഖ്‌വി റേഡിയോ പറഞ്ഞതായി റേഡിയോ പാകിസ്താൻ റിപ്പോർട്ട് ചെയ്തു.

റേഞ്ചർമാർക്കും പൊലീസ് ഉദ്യോഗസ്ഥർക്കും നേരെ പ്രതിഷേധക്കാർ നടത്തിയ ആക്രമണത്തെ ശക്തമായി അപലപിച്ച പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് സംഭവത്തിൽ ഉൾപ്പെട്ടവരെ ഉടൻ കണ്ടെത്തി അവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് ഉറപ്പാക്കാൻ പ്രസ്താവനയിൽ നിർദേശിച്ചു.

Tags