ഹിറ്റ്‌ലറുടെ അന്ത്യം പോലെ തന്നെയായിരിക്കും വംശഹത്യക്കാരനായ നെതന്യാഹുവിന്റെയും അന്ത്യം ; തുർക്കിയ

benjamin
benjamin

അങ്കാറ: വംശഹത്യക്കാരനായ ഹിറ്റ്‌ലറുടെ അന്ത്യം പോലെ തന്നെയായിരിക്കും വംശഹത്യക്കാരനായ നെതന്യാഹുവിന്റെയും അന്ത്യമെന്ന് തുർക്കിയ വിദേശകാര്യ മന്ത്രാലയം.

ഉർദുഗാനെ സദ്ദാം ഹു​സൈനുമായി താരതമ്യപ്പെടുത്തി ഇസ്രായേൽ വിദേശകാര്യമന്ത്രി ഇസ്രായേൽ കാറ്റ്സ് എക്സിൽ പോസ്റ്റ് ചെയ്തതിന് പിന്നാലെയായിരുന്നു തുർക്കിയയുടെ മറുപടി.സദ്ദാമിന് എന്താണ് സംഭവിച്ചതെന്നും എങ്ങനെ അവസാനിച്ചുവെന്നും ഉർദുഗാന് ഓർമ വേണമെന്നായിരുന്നു കാറ്റ്സിന്റെ കുറിപ്പ്.

 ഇതിനുപിന്നാലെയാണ് തുർക്കിയ വിദേശകാര്യ മന്ത്രാലയം ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹുവിനെ അഡോൾഫ് ഹിറ്റ്‌ലറുമായി താരതമ്യപ്പെടുത്തിയത്. ജൂതന്മാരെ വംശഹത്യ നടത്തിയ ജർമൻ ഏകാധിപതിയായ ഹിറ്റ്‌ലർ അവസാനം ആത്മഹത്യ ചെയ്യുകയായിരുന്നു. ഇതോർമിപ്പിച്ചാണ് തുർക്കിയയുടെ മറുപടി.

‘വംശഹത്യക്കാരനായ ഹിറ്റ്‌ലറുടെ അന്ത്യം പോലെ വംശഹത്യക്കാരനായ ബിന്യമിൻ നെതന്യാഹുവിന്റെ അന്ത്യവും സംഭവിക്കും. വംശഹത്യ നടത്തിയ നാസികളെ പോലെ, ഫലസ്തീനികളെ നശിപ്പിക്കാൻ ശ്രമിക്കുന്നവരും ഉത്തരവാദികളായിരിക്കും. മനുഷ്യത്വം ഫലസ്തീനികൾക്കൊപ്പം നിൽക്കും. നിങ്ങൾക്ക് ഫലസ്തീനികളെ നശിപ്പിക്കാൻ കഴിയില്ല.

നമ്മുടെ പ്രസിഡൻറ് മനുഷ്യത്വത്തിന്റെയും മനഃസാക്ഷിയുടെയും ശബ്ദമാണ്. ഈ ന്യായമായ ശബ്ദം അടിച്ചമർത്താൻ ശ്രമിക്കുന്നവർ, പ്രത്യേകിച്ച് ഇസ്രായേൽ ഉൾപ്പെടെയുള്ള അന്താരാഷ്ട്ര സയണിസ്റ്റുകൾ വലിയ പരിഭ്രാന്തിയിലാണ്. എല്ലാ വംശഹത്യ കുറ്റവാളികളുടെയും അവരെ പിന്തുണയ്ക്കുന്നവരുടെയും ചരിത്രം ഒരുപോലെയാണ് അവസാനിച്ചത്’ -തുർക്കി വിദേശകാര്യ മന്ത്രി ഹകാൻ ഫിദാൻ വ്യക്തമാക്കി.

ഫലസ്തീനിലെ ക്രൂരമായ ആക്രമണം തടയാൻ ഇസ്രായേലിൽ തങ്ങൾ ഇടപെടുമെന്ന് തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാൻ പറഞ്ഞതിന് പിന്നാലെയാണ് ഉർദുഗാന് സദ്ദാമിന്റെ ഗതിവരുമെന്ന് ഇസ്രായേൽ വിദേശകാര്യ മന്ത്രി ഇസ്രായേൽ കാറ്റ്സ് പറഞ്ഞത്. മുൻകാലങ്ങളിൽ ലിബിയയിലും നഗോർണോ-കറാബാക്കിലും ചെയ്തതുപോലെ തുർക്കിയ ഇസ്രായേലിലും ഇടപെടുമെന്നാണ് ഉർദുഗാൻ പറഞ്ഞത്. “ഫലസ്തീന് നേരെ ഇസ്രായേലിന് ഇത്തരം ആക്ഷേപാർഹമായ കാര്യങ്ങൾ ചെയ്യാൻ കഴിയാത്തവിധം നമ്മൾ വളരെ ശക്തരായിരിക്കണം.

കറാബാക്കിലും ലിബിയയിലും നാം ഇടപെട്ടത് പോലെ ഇസ്രായേലിലും ചെയ്തേക്കാം’ -അദ്ദേഹം ജന്മനാടായ റൈസിൽ ഭരണകക്ഷിയായ എ.കെ പാർട്ടിയുടെ യോഗത്തിൽ പറഞ്ഞു. “ഇത് ചെയ്യാതിരിക്കാൻ നമുക്ക് ഒരു ന്യായവുമില്ല. നടപടി സ്വീകരിക്കാൻ നാം ശക്തരായിരിക്കണം” -ഉർദുഗാൻ കൂട്ടിച്ചേർത്തു. എന്നാൽ, ഏത് തരത്തിലുള്ള ഇടപെടലാണ് ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടില്ല.

Tags