ലബനാനിൽ വെടിനിർത്തൽ പ്രഖ്യാപിച്ച് ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹു
തെൽ അവീവ്: ലബനാനിൽ വെടിനിർത്തൽ പ്രഖ്യാപിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു. സുരക്ഷാ മന്ത്രിസഭ യോഗത്തിന് ശേഷമാണ് ഹിസ്ബുല്ലയുമായുള്ള വെടിനിർത്തൽ കരാറിന് രൂപം നൽകിയ കാര്യം നെതന്യാഹു പ്രഖ്യാപിച്ചത്. കരാറിന്റെ രൂപരേഖ മന്ത്രിസഭയുടെ അംഗീകാരത്തിനായി സമർപ്പിച്ചതായും നെതന്യാഹു പറഞ്ഞു.
യുദ്ധത്തിന്റെ മേഖല മാറ്റുകയാണെന്നും ഇറാന്റെ ഭീഷണിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഇസ്രായേലിന് കഴിയുമെന്നും നെതന്യാഹു പറഞ്ഞു. ഹിസ്ബുല്ല വെടിനിർത്തൽ ലംഘിച്ചാൽ ഇസ്രായേൽ പ്രതികരിക്കുമെന്നും നെതന്യാഹു പറഞ്ഞു. അതേസമയം, ഹിസ്ബുല്ല ഇതുവരെ പ്രതികരിച്ചിട്ടില്ല.
യു.എസ് പ്രസിഡന്റ് ജോ ബൈഡന്റേയും ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവൽ മാക്രോണിന്റെയും നേതൃത്വത്തിൽ വെടിനിർത്തലിൽ തീരുമാനമുണ്ടാകുമെന്നാണ് ലബനാൻ അറിയിച്ചത്. വെടിനിർത്തൽ കരാറിന്റെ അടുത്തെത്തിയെന്ന് യു.എസ് ദേശീയ സുരക്ഷവക്താവ് ജോൺ കിർബി പറഞ്ഞിരുന്നു.