ഭൂമിക്കുനേരെ കൂറ്റൻ ഛിന്നഗ്രഹം,ഭൂമിയിൽ ഇടിച്ചാൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ; മുന്നറിയിപ്പുമായി നാസ

chinnagraham
chinnagraham

ഭൂമിക്ക് നേരെ വരുന്ന കൂറ്റൻ ഛിന്നഗ്രഹത്തേക്കുറിച്ച് മുന്നറിയിപ്പുമായി നാസ. മണിക്കൂറില്‍ 65,215 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കുന്ന 2024 എം.ടി.1 (2024 MT1) എന്ന ഛിന്നഗ്രഹമാണ് ഭൂമിക്കുനേരെ വരുന്നതെന്ന് നാസ അറിയിച്ചു . 260 അടി വ്യാസമുള്ള ആ ഛിന്നഗ്രഹം (asteroid) ഭൂമിയിൽ ഇടിച്ചാൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകും. ഈ വലിപ്പമുള്ള ഛിന്നഗ്രഹങ്ങളെ അപകടകാരികളായാണ് ഗവേഷകർ കണക്കാക്കുന്നത്.

തിങ്കളാഴ്ചയാണ് 2024 എം.ടി.1 ഭൂമിക്ക് ഏറ്റവും അടുത്തായി എത്തുക എന്നാണ് കണക്കുകൂട്ടുന്നത്. ഭൂമിയ്ക്ക് 15 ലക്ഷം കിലോമീറ്റര്‍ അകലെക്കൂടിയാണ് ഛിന്നഗ്രഹം കടന്നുപോകുക. ഭൂമിയും ചന്ദ്രനും തമ്മിലുള്ള ദൂരത്തിന്റെ നാലിരട്ടിയോളം ദൂരമാണ് ഇത്. കേള്‍ക്കുമ്പോള്‍ ഇത് വലിയ അകലമാണെന്ന് തോന്നുമെങ്കിലും ജ്യോതിശാസ്ത്ര തോതുകള്‍ വെച്ചുനോക്കിയാല്‍ ഭൂമിക്ക് തൊട്ടരികിലൂടെ കടന്നുപോകുന്നതായാണ് കണക്കാക്കുക.

ഛിന്നഗ്രഹത്തിന്റെ സഞ്ചാരം ശാസ്ത്രജ്ഞര്‍ സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. കാലിഫോര്‍ണിയയിലെ പസദീനയിലുള്ള നാസയുടെ ജെറ്റ് പ്രൊപ്പല്‍ഷന്‍ ലബോറട്ടറിയാണ് (ജെ.പി.എല്‍) ഛിന്നഗ്രഹത്തിന്റെ സഞ്ചാരപഥം നിരീക്ഷിക്കുന്നത്. ജെ.പി.എല്ലിന്റെ ഡാഷ്‌ബോര്‍ഡില്‍ ഛിന്നഗ്രഹത്തിന്റെ സ്ഥാനം, വേഗത, ഭൂമിയില്‍നിന്നുള്ള ദൂരം എന്നീവിവരങ്ങള്‍ തത്സമയം ലഭ്യമാക്കുന്നുണ്ട്.

നാസയുടെ നിയര്‍ എര്‍ത്ത് ഒബ്ജക്റ്റ് ഒബ്‌സര്‍വേഷന്‍ പ്രോഗ്രാമാണ് 2024 എം.ടി.1 എന്ന ഛിന്നഗ്രഹത്തെ കണ്ടെത്തിയത്. ഭൂമിക്ക് സമീപമെത്തുന്ന ഛിന്നഗ്രഹങ്ങളേയും ധൂമകേതുക്കളേയും കണ്ടെത്താനും പഠിക്കാനുമുള്ള നാസയുടെ പദ്ധതിയാണ് നിയര്‍ എര്‍ത്ത് ഒബ്ജക്റ്റ് ഒബ്‌സര്‍വേഷന്‍ പ്രോഗ്രാം. ഭൂമിയില്‍ സ്ഥാപിച്ച ടെലസ്‌കോപ്പുകളും റഡാര്‍ സംവിധാനങ്ങളും ഉപയോഗിച്ചാണ് നാസ ഛിന്നഗ്രഹങ്ങളെയും ധൂമകേതുക്കളേയും കണ്ടെത്തുന്നത്.

Tags