'ജീവനക്കാര്‍ക്ക് കൂലി കൂട്ടി നല്‍കി' ; മ്യാന്‍മറിൽ ബിസിനസുകാരന്‍ അറസ്റ്റില്‍

myanmae

മ്യാന്‍മറിലെ മന്‍ഡാലായില്‍ ജീവനക്കാര്‍ക്ക് കൂലി കൂട്ടിനല്‍കിയതിന് ബിസിനസുകാരന്‍ അറസ്റ്റില്‍. മൂന്ന് മൊബൈല്‍ ഫോണ്‍ സ്ഥാപനങ്ങളുടെ ഉടമയായ പ്യായീ ഫ്യോ എന്നയാളാണ് അറസ്റ്റിലായത്.

പട്ടാളഭരണത്തിന് കീഴിലുള്ള രാജ്യത്തെ പണപ്പെരുപ്പം കുതിച്ചുയരുന്ന പശ്ചാത്തലത്തില്‍ അനുമതിയില്ലാതെ തൊഴിലാളികള്‍ക്ക് വേതനം കൂട്ടിനല്‍കി എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് അറസ്റ്റ്. ആഭ്യന്തര സംഘര്‍ഷങ്ങളും പട്ടാളഭരണവും മ്യാന്മറിനെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിക്കുകയാണ്.

ബിസിനസുകാരനായ പ്യായീ ഫ്യോ തന്റെ ജീവനക്കാര്‍ക്ക് കൂലി കൂട്ടിനല്‍കുകയാണ് എന്ന വിവരം ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരുന്നു. നിരവധി പേര്‍ ഇദ്ദേഹത്തിന്റെ നടപടിയെ പ്രകീര്‍ത്തിച്ചു. എന്നാല്‍, അധികം വൈകാതെ പട്ടാളക്കാരും പൊലീസുകാരും തേടിയെത്തിയപ്പോഴാണ് താന്‍ ചെയ്ത കാര്യം ഭരണകൂടത്തിന് ഇഷ്ടപ്പെട്ടില്ലെന്ന് ഇദ്ദേഹം മനസിലാക്കിയത്. പ്യായീ ഫ്യോയുടെ മൂന്ന് സ്ഥാപനങ്ങളും പൂട്ടിച്ച പട്ടാളം അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയും ചെയ്തു. പൊതുജീവിതത്തിന് അസ്വസ്ഥതയുണ്ടാക്കുന്നുവെന്ന കുറ്റം ചുമത്തിയാണ് അറസ്റ്റ് ചെയ്തത്.

കൂലി കൂട്ടിനല്‍കിയതിന് അടുത്തകാലത്തായി മ്യാന്മറില്‍ 10 ബിസിനസുകാരെ പട്ടാളം അറസ്റ്റ് ചെയ്‌തെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കൂലി കൂട്ടുന്നത് പണപ്പെരുപ്പം ഉയരുന്നുവെന്ന യാഥാര്‍ഥ്യം ജനങ്ങള്‍ മനസിലാക്കുന്നതിന് കാരണമാകുമെന്നാണ് പട്ടാളം കരുതുന്നതത്രെ. അറസ്റ്റിലായവരെയെല്ലാം മൂന്ന് വര്‍ഷത്തേക്ക് ജയിലിലടച്ചിരിക്കുകയാണ്.

ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ സൈനിക നീക്കത്തിലൂടെ അട്ടിമറിച്ച് 2021ല്‍ പട്ടാളം അധികാരം പിടിച്ചതില്‍ പിന്നെ മ്യാന്മറില്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ്. പട്ടാളത്തിന് ആഭ്യന്തര സംഘര്‍ഷങ്ങളെ നിയന്ത്രിക്കാന്‍ സാധിക്കാത്ത സാഹചര്യമാണ്.

Tags