ഫ്രഞ്ച് ഫ്രൈസ് തണുത്തുപോയെന്ന് പറഞ്ഞ് മക്‌ഡൊണാൾഡ്‌സ് ജീവനക്കാരന് നേരേ വെടിയുതിർത്തു; നില ഗുരുതരം

google news
french fries

ന്യൂയോര്‍ക്ക്: ഫ്രഞ്ച് ഫ്രൈസ് തണുത്ത് പോയെന്ന് ആരോപിച്ച് മക്‌ഡൊണാള്‍ഡ്‌സ് ജീവനക്കാരന് നേരേ വെടിയുതിര്‍ത്തു. ന്യൂയോര്‍ക്കിലെ മക്‌ഡൊണാള്‍ഡ്‌സ് ഔട്ട്‌ലെറ്റിലെ ജീവനക്കാരനായ മാത്യൂ വെബ്ബി(23)നാണ് കഴുത്തില്‍ വെടിയേറ്റത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ ബ്രൂക്ക്ഡയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ ആരോഗ്യനില അതീവഗുരുതരമായി തുടരുകയാണെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തിന് പിന്നാലെ സ്ഥലത്തുനിന്ന് രക്ഷപ്പെട്ട പ്രതിയെ പോലീസ് പിന്നീട് അറസ്റ്റ് ചെയ്തു. മൈക്കല്‍ മോര്‍ഗന്‍(20) എന്നയാളാണ് അറസ്റ്റിലായത്.

തിങ്കളാഴ്ച വൈകിട്ടായിരുന്നു സംഭവങ്ങളുടെ തുടക്കം. മക്‌ഡൊണാള്‍ഡ്‌സ് ഔട്ട്‌ലെറ്റിലെത്തിയ മൈക്കലിന്റെ അമ്മ ഫ്രഞ്ച് ഫ്രൈസ് ഓര്‍ഡര്‍ ചെയ്യുകയും പിന്നീട് ഇത് തണുത്തതാണെന്ന് പറഞ്ഞ് വഴക്കുണ്ടാക്കുകയുമായിരുന്നു. ജീവനക്കാരനായ മാത്യൂ വെബ്ബുമായാണ് ഇവര്‍ വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടത്. ജീവനക്കാരനുമായി കയര്‍ത്തുസംസാരിക്കുന്നതിനിടെ ഇവര്‍ മൊബൈലില്‍ മകനുമായി വീഡിയോകോളും ചെയ്തിരുന്നു. ഇതോടെ സംഭവമറിഞ്ഞ് മകന്‍ മൈക്കലും ഔട്ട്‌ലെറ്റിലെത്തി. തുടര്‍ന്ന് ഫ്രഞ്ച് ഫ്രൈസിനെച്ചൊല്ലിയുള്ള തര്‍ക്കം തുടരുന്നതിനിടെയാണ് മൈക്കല്‍ കൈയില്‍ കരുതിയിരുന്ന തോക്ക് പുറത്തെടുത്ത് മാത്യുവിന് നേരേ വെടിയുതിര്‍ത്തത്.

കഴുത്തില്‍ വെടിയേറ്റ മാത്യു നിലത്തുവീണു. ഇതോടെ സ്ഥാപനത്തിലുണ്ടായിരുന്നവര്‍ ഓടിക്കൂടുകയും ഇയാളെ ആശുപത്രിയില്‍ എത്തിക്കുകയുമായിരുന്നു. സംഭവത്തിന് പിന്നാലെ പ്രതിയായ മൈക്കലും അമ്മയും സ്ഥലത്തുനിന്ന് രക്ഷപ്പെട്ടിരുന്നു. പിന്നീടാണ്  മൈക്കലിനെ പോലീസ് പിടികൂടിയത്.

അറസ്റ്റിലായ മൈക്കല്‍ നേരത്തെ 12 തവണ വിവിധ കേസുകളിലായി അറസ്റ്റിലായിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. അതേസമയം, മകന്‍ ജീവനക്കാരന് നേരേ വെടിയുതിര്‍ത്തത് താന്‍ കണ്ടില്ലെന്നായിരുന്നു അമ്മയുടെ മൊഴി. വെടിയൊച്ച കേട്ടെങ്കിലും സംഭവം കണ്ടിട്ടില്ലെന്നും ഇവര്‍ പോലീസിനോട് പറഞ്ഞു. സംഭവത്തെക്കുറിച്ച് ഞെട്ടലോടെയാണ് സ്ഥാപനത്തിലുണ്ടായിരുന്ന മറ്റു ഉപഭോക്താക്കള്‍ പ്രതികരിച്ചത്. 'എനിക്ക് കരച്ചിലാണ് വന്നത്, ഫ്രഞ്ച് ഫ്രൈസിന്റെ പേരില്‍ ഒരാളെ വെടിവെയ്ക്കുമോ?' എന്നായിരുന്നു ഒരാളുടെ ചോദ്യം.

വെടിയേറ്റയുടന്‍ മാത്യുവിന്റെ ദേഹത്തുനിന്ന് നിര്‍ത്താതെ ചോരയൊലിക്കുകയായിരുന്നുവെന്ന് മറ്റൊരു ദൃക്‌സാക്ഷിയും പറഞ്ഞു. 'ഒരാള്‍ ധരിച്ചിരുന്ന ഷര്‍ട്ട് ഊരി രക്തസ്രാവം തടയാന്‍ ശ്രമിച്ചിരുന്നു. വെടിയേറ്റയാള്‍ക്ക് സംസാരിക്കാന്‍ കഴിഞ്ഞിരുന്നില്ല. വിറയ്ക്കുകയായിരുന്നു അയാള്‍. നെഞ്ചിടിപ്പുണ്ടായിരുന്നു'- ദൃക്‌സാക്ഷി പറഞ്ഞു.

കഴിഞ്ഞ ജൂണിലും യു.എസില്‍ സമാനരീതിയിലുള്ള സംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നു. സബ് വേ ഔട്ട്‌ലെറ്റ് ജീവനക്കാരന് നേരേയാണ് ഒരു ഉപഭോക്താവ് അന്ന് വെടിയുതിര്‍ത്തത്. സാന്‍ഡ് വിച്ചില്‍ മയോണൈസ് കൂടിയെന്ന് ആരോപിച്ചാണ് ഉപഭോക്താവ് ജീവനക്കാരനെ വെടിവെച്ച് കൊലപ്പെടുത്തിയത്.

Tags