റഷ്യയിലെ യുദ്ധമുഖത്ത് കുടുങ്ങിയ മലയാളി ഇന്ത്യയില്‍ തിരിച്ചെത്തി

google news
russia

വ്യാജ റിക്രൂട്ട്‌മെന്റ് ഏജന്‍സിയുടെ ചതിയില്‍പെട്ട്  റഷ്യയിലെ യുദ്ധമുഖത്ത് കുടുങ്ങിയ മലയാളി ഡേവിഡ് മുത്തപ്പന്‍ ഇന്ത്യയില്‍ തിരിച്ചെത്തി. ഇന്നലെ രാത്രിയോടെയാണ് അദ്ദേഹം ദില്ലിയിലെത്തിയത്. രാവിലെ 6.15ഓടെ സിബിഐ ഓഫീസില്‍ നിന്നും നാട്ടിലെ ബന്ധുക്കളെ ഇക്കാര്യം വിളിച്ചറിയിച്ചു. മൊഴി രേഖപ്പെടുത്തിയ ശേഷം രണ്ട് ദിവസം കഴിഞ്ഞ് ഇവരെ കേരളത്തിലെത്തിക്കുമെന്നാണ് സി.ബി.ഐ ബന്ധുക്കളെ അറിയിച്ചിരിക്കുന്നത്.

തിരുവന്തപുരം അഞ്ചുതെങ്ങ് പൊഴിയൂര്‍ സ്വദേശികളായ പ്രിന്‍സ് സെബാസ്റ്റ്യന്‍, ഡേവിഡ് മുത്തപ്പന്‍ എന്നിവരെ സെക്യൂരിറ്റി ജോലിക്കെന്ന പേരിലാണ് ഇടനിലക്കാര്‍ കൊണ്ടുപോയത്.  വാട്‌സാപ്പില്‍ ഷെയര്‍ ചെയ്ത് കിട്ടിയ സെക്യൂരിറ്റി ജോലിയുടെ പരസ്യം കണ്ടാണ് ഏജന്‍സിയെ സമീപിച്ചത്. ഏജന്റിന്റെ സഹായത്തോടെ ദില്ലിയിലെത്തി. പിന്നിട് അവിടെ നിന്നും റഷ്യയിലേക്ക് കൊണ്ടുപോയി. പരിശീലനത്തിന് ശേഷം കൂലിപ്പട്ടാളത്തോടൊപ്പം ചേരാന്‍ നിര്‍ബന്ധിക്കുകയായിരുന്നു.
ഇരുവര്‍ക്കും റഷ്യന്‍യുക്രെയിന്‍ യുദ്ധത്തില്‍ പരിക്കേറ്റു. റിക്രൂട്ടിംഗ് ഏജന്‍സിയുടെ തട്ടിപ്പിനിരയായി യുദ്ധഭൂമിയിലെത്തിയ ഇവരുടെ ദുരവസ്ഥ പുറത്തുവന്നിരുന്നു.

Tags