ഫ്രഞ്ച് പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി മോദി; മാക്രോണിനെ ഇന്ത്യയിലേക്ക് ക്ഷണിച്ചു

google news
macrone

പാരീസ്: പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണുമായി കൂടിക്കാഴ്ച നടത്തി.മാക്രോണ്‍ വീണ്ടും അധികാരത്തിലെത്തിയതിന് ശേഷമുള്ള ആദ്യ കൂടിക്കാഴ്ചയായിരുന്നു ഇത്. ഉഭയകക്ഷി ചര്‍ച്ചകള്‍ ഇരുവരും നടത്തി. പ്രതിരോധം, ബഹിരാകാശം, ആണവ സഹകരണം, പ്രാദേശികവും ആഗോളപരവുമായ പ്രശ്‌നങ്ങള്‍ എന്നിവയും ഇരുവരുടെയും ചര്‍ച്ചകളുടെ ഭാഗമായി. ഫ്രഞ്ച് പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ പാരീസിലെ എലിസി പാലസിലാണ് ഇരുനേതാക്കളും കൂടിക്കാഴ്ച നടത്തിയത്.

ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണുമായുള്ള കൂടിക്കാഴ്ചയില്‍ താന്‍ വളരെയധികം സന്തോഷവാനാണെന്നും വളരെ നീണ്ട ഉഭയകക്ഷി ചര്‍ച്ചകളും ആഗോള പ്രശ്‌നങ്ങളും തമ്മില്‍ സംസാരിച്ചതായും പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചു. മാക്രോണിനെ ഇന്ത്യയിലേക്ക് ക്ഷണിച്ചതായും മോദി പറഞ്ഞു. ഇംഗ്ലീഷ്, ഫ്രഞ്ച് ഭാഷകളിലായിരുന്നു മോദി ഇക്കാര്യം ട്വീറ്റ് ചെയ്തത്.

പ്രതിരോധം, ആണവ സഹകരണം, ജനങ്ങളുമായുള്ള ബന്ധം എന്നിവ ഉള്‍പ്പെടെ എല്ലാ പ്രധാന ഉഭയകക്ഷി മേഖലകളെക്കുറിച്ചും ഇരു നേതാക്കളും വിപുലമായ ചര്‍ച്ചകള്‍ നടത്തിയെന്നും യൂറോപ്പിലെയും ഇന്തോ-പസഫിക്കിലെയും നിലവിലെ സംഭവവികാസങ്ങള്‍ ഉള്‍പ്പെടെ പ്രാദേശിക, ആഗോള വിഷയങ്ങളും അവര്‍ ചര്‍ച്ച ചെയ്തതായും വിദേശകാര്യ സെക്രട്ടറി വിനയ് ക്വാത്ര അറിയിച്ചു. 2019 ഓഗസ്റ്റിന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ ആദ്യ ഫ്രാന്‍സ് സന്ദര്‍ശനമാണിതെന്നും അദ്ദേഹം പറഞ്ഞു.

ഫോണ്‍കോളുകളിലൂടെയും കത്തുകളിലൂടെയും ഇരുനേതാക്കളും ബന്ധം പുലര്‍ത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം ജി-20 ഉച്ചകോടിക്കിടെയും ഇരുവരും കണ്ടുമുട്ടി. ശക്തമായ പങ്കാളികളാണ് ഇന്ത്യയും ഫ്രാന്‍സും. ഇരുരാജ്യങ്ങളിലെയും നേതാക്കള്‍ നല്ല സുഹൃത്തുക്കളാണെന്നും ക്വാത്ര പറഞ്ഞു.

മാക്രോണുമായുള്ള കൂടിക്കാഴ്ചയ്‌ക്ക് പിന്നാലെ മോദി ത്രിദിന യൂറോപ്പ് സന്ദര്‍ശനം പൂര്‍ത്തിയാക്കി പാരീസില്‍ നിന്നും ഇന്ത്യയിലേക്ക് മടങ്ങി. ജര്‍മനി, ഡെന്‍മാര്‍ക്ക്, ഫ്രാന്‍സ് എന്നീ മൂന്ന് രാജ്യങ്ങളായിരുന്നു മോദി സന്ദര്‍ശിച്ചത്.

Tags