അധിനിവേശ വെസ്റ്റ് ബാങ്കില്‍ ഇസ്രയേല്‍ കര-വ്യോമാക്രമണം
ഗാസ: 2002ന് ശേഷം അധിനിവേശ വെസ്റ്റ് ബാങ്കില്‍ ഏറ്റവും വലിയ കര-വ്യോമാക്രമണം. ഒമ്പത് പേരാണ് ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. തുബാസിലെ ഫാറ അഭയാര്‍ത്ഥി ക്യാമ്പില്‍ ഇന്ന് പുലര്‍ച്ചെ നടത്തിയ ആക്രമണത്തില്‍ മാത്രം നാല് പേര്‍ കൊല്ലപ്പെട്ടുവെന്ന് റെഡ് ക്രസന്റ് സൊസൈറ്റിയുടെ ആംബുലന്‍സ് ഡിപ്പാര്‍ട്മെന്റ് മേധാവി പറഞ്ഞു. നിരവധി പേര്‍ക്ക് പരിക്കേറ്റു. 2002ന് ശേഷം അധിനിവേശ വെസ്റ്റ് ബാങ്കിലുണ്ടായ ഏറ്റവും വലിയ ആക്രമണത്തില്‍ നൂറു കണക്കിന് സൈനികരാണ് പങ്കെടുത്തതെന്ന് ഇസ്രയേലിന്റെ ഔദ്യോഗിക റേഡിയോ അറിയിച്ചു.
ആംബുലന്‍സുകള്‍ അപകടം നടന്ന സ്ഥലത്തേക്ക് പോകുന്നത് ഇസ്രയേല്‍ സൈന്യം തടയുന്നതിനാല്‍ പ്രദേശത്തെത്താന്‍ ബുദ്ധിമുട്ടുകയാണെന്നും റെഡ് ക്രസന്റ് അറിയിക്കുന്നു. രണ്ട് പേര്‍ ജെനിനില്‍ നിന്നും മൂന്ന് പേര്‍ സെയ്ര്‍ ഗ്രാമത്തില്‍ വാഹനത്തില്‍ സഞ്ചരിക്കുന്നതിനിടയിലും വ്യോമാക്രമണത്തില്‍ കൊല്ലപ്പെടുകയായിരുന്നുവെന്ന് പലസ്തീന്‍ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
മധ്യഗാസയിലെ ഡെയ്റല്‍ ബലാഹിലും ഖാന്‍ യൂനിസിലും അടുത്തിടെ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ 20ഓളം പേര്‍ കൊല്ലപ്പെട്ടതായി പ്രമുഖ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.