വെസ്റ്റ് ബാങ്കിൽ ഇസ്രായേലിന്റെ രൂക്ഷ ആക്രമണം ; പ്രാദേശിക കമാൻഡർ അടക്കം അഞ്ച് ഫലസ്തീനികൾ കൊല്ലപ്പെട്ടു
ജറൂസലം : അധിനിവിഷ്ട വെസ്റ്റ് ബാങ്കിൽ ഇസ്രായേലിന്റെ രൂക്ഷമായ ആക്രമണം വ്യാഴാഴ്ചയും തുടർന്നു. തൂൽകറം പട്ടണത്തിന് പുറത്തുള്ള നൂർ ശംസ് അഭയാർഥി ക്യാമ്പിൽ പ്രാദേശിക കമാൻഡർ ഉൾപ്പെടെ അഞ്ച് ഫലസ്തീനികൾ കൊല്ലപ്പെട്ടു.
ഇസ്ലാമിക് ജിഹാദ് സംഘടന കമാൻഡർ അബൂ ശുജാ എന്നറിയപ്പെടുന്ന മുഹമ്മദ് ജാബിറാണ് കൊല്ലപ്പെട്ടത്. കമാൻഡർ കൊല്ലപ്പെട്ട കാര്യം ഫലസ്തീൻ ഇസ്ലാമിക് ജിഹാദ് സ്ഥിരീകരിച്ചു.
പള്ളിയിൽ ഒളിച്ചിരുന്നവരെയാണ് കൊലപ്പെടുത്തിയതെന്ന് ഇസ്രായേൽ സേന അവകാശപ്പെട്ടു. ഈ വർഷം ആദ്യം നടന്ന ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടെന്ന് വിചാരിച്ചിരുന്ന അബൂ ശുജാ മറ്റു പോരാളികളുടെ ഖബറടക്ക ചടങ്ങിൽ പ്രത്യക്ഷപ്പെട്ടിരുന്നു. ജൂണിൽ ഖൽഖീലിയയിൽ ഇസ്രായേൽ പൗരനെ വെടിവെച്ച് കൊലപ്പെടുത്തിയത് അബൂ ശുജാ ആണെന്നും സേന ആരോപിച്ചിരുന്നു.