മാധ്യമ പ്രവർത്തകരുടെ മേൽ ഇസ്രായേൽ ബോംബിട്ടത് യുദ്ധകുറ്റം : ഹ്യൂമൺ റൈറ്റ്സ് വാച്ച്
ബൈറൂത്: ഉറങ്ങിക്കിടന്ന മൂന്ന് മാധ്യമ പ്രവർത്തകരെ കൊലപ്പെടുത്തിയ ഇസ്രായേൽ ആക്രമണം യുദ്ധക്കുറ്റമാണെന്നും യു.എസ് ഉദ്യോഗസ്ഥർക്ക് ആക്രമണത്തിൽ പങ്കുണ്ടെന്നും അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ഹ്യൂമൺ റൈറ്റ്സ് വാച്ച്. തെക്കുകിഴക്കൻ ലബനാനിലെ ഗെസ്റ്റ് ഹൗസിൽ ഉറങ്ങുന്നതിനിടെയാണ് മാധ്യമ പ്രവർത്തകർക്കുമേൽ ഒക്ടോബർ 25ന് ഇസ്രായേൽ ബോംബിട്ടത്.
മാധ്യമ പ്രവർത്തകരെ ലക്ഷ്യമിട്ട് ഇസ്രായേൽ നടത്തിയ ഏറ്റവും കനത്ത ആക്രമണമായിരുന്നു ഇത്. യു.എസ് നിർമിത ജോയന്റ് ഡയറക്ട് അറ്റാക് അമ്യൂണിഷൻ (ജെ.ഡി.എ.എം) ബോംബുകൾ ഉപയോഗിച്ചായിരുന്നു ആക്രമണം. വ്യോമസേന വർഷിക്കുന്ന ബോംബ് സാറ്റലൈറ്റ് സിഗ്നലുകൾ ഉപയോഗിച്ച് കൃത്യമായി നിയന്ത്രിക്കാനും ലക്ഷ്യസ്ഥാനത്ത് എത്തിക്കാനും കഴിയും.