എട്ട് ​സൈനികരെ കൂടി ഹമാസ് കൊലപ്പെടുത്തിയതായി ഇസ്രായേൽ

hamas
hamas
തെൽഅവീവ്: തങ്ങളുടെ എട്ട് സൈനികരെ കൂടി ഹമാസ് കൊലപ്പെടുത്തിയതായി ഇസ്രായേൽ സൈന്യം ബുധനാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു. ചൊവ്വാഴ്ച ഗസ്സ മുനമ്പിൽ നടന്ന ഏറ്റുമുട്ടലിലാണ് ഇവർ ​കൊല്ലപ്പെട്ടതെന്ന് ഇസ്രായേലി ദിനപത്രമായ ഹാരെറ്റ്സ് ഇസ്രായേൽ സേനയെ ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്യുന്നു.

ഗോലാനി ബ്രിഗേഡിന്റെ 13-ാം ബറ്റാലിയൻ കമാൻഡന്റായ ലെഫ്റ്റനന്റ് കേണൽ ടോമർ ഗ്രിൻബെർഗ് കൊല്ലപ്പെട്ടവരിൽ ഉൾപ്പെടും. മേജർ റോയി മെൽദാസ്, മേജർ മോഷെ അവ്രാം ബാർ ഓൺ, മേജർ ബെൻ ഷെല്ലി, ക്യാപ്റ്റൻ ലീൽ ഹായോ, സ്റ്റാഫ് സർജന്റ് ഒറിയ യാക്കോവ്, സർജന്റ് ഫസ്റ്റ് ക്ലാസ് റോം ഹെക്റ്റ്, സർജന്റ് അച്ചിയ ദസ്കൽ എന്നിവരാണ് ​ഹമാസ് ആക്രമണത്തിൽ കൊല്ലപ്പെട്ട മറ്റുള്ളവർ.

അതിനിടെ, കരയുദ്ധം ശക്തിപ്പെടുത്തിയ ശേഷം ഹമാസ് പ്രത്യാക്രമണത്തിൽ സൈനികർ കൊല്ലപ്പെടുന്നത് കുത്തനെ ഉയർന്നതായി ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതുവരെ ഉയർന്ന ഓഫിസർമാരടക്കം 435 സൈനികർ കൊല്ലപ്പെട്ടെന്ന് ഇസ്രായേൽ ബ്രോഡ്കാസ്റ്റിങ് കോർപറേഷൻ വെളിപ്പെടുത്തി. 20 സൈനികർ സഹപ്രവർത്തകരുടെ തന്നെ ‘സൗഹൃദ വെടിവെപ്പിൽ’ കൊല്ലപ്പെട്ടതായി ഇസ്രായേൽ സൈന്യം ചൊവ്വാഴ്ച അറിയിച്ചിരുന്നു.

കരയുദ്ധം ഇസ്രായേൽ സേനക്ക് സങ്കീർണമായിത്തീരുന്നതായും ഹമാസ് പോരാളികളുടെ മിന്നലാക്രമണങ്ങൾ പ്രതിരോധിക്കാൻ അവർ പ്രയാസപ്പെടുന്നതായും നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നു. അതിനിടെയാണ് സൗഹൃദ വെടിയുടെ വിശദീകരണവുമായി ഇന്നലെ സേനവക്താവ് രംഗത്തുവന്നത്. ഇസ്രായേൽ സൈന്യത്തിന്‍റെ കണക്കുപ്രകാരം, കരയുദ്ധത്തിൽ കൊല്ലപ്പെട്ട സൈനികരുടെ അഞ്ചിലൊന്നും അബദ്ധത്തിലുള്ള സൗഹൃദ വെടിവെപ്പിലാണ് കൊല്ലപ്പെട്ടത്.

ഫലസ്തീൻ പോരാളികളാണെന്ന് തെറ്റിദ്ധരിച്ച് നടത്തിയ വെടിവെപ്പിൽ 13 സൈനികർ കൊല്ലപ്പെട്ടതായി ഇസ്രായേൽ ആർമി റേഡിയോ പറഞ്ഞു. ലക്ഷ്യം തെറ്റിയുള്ള വെടിയേറ്റാണ് ഒരു സൈനികൻ മരിച്ചത്. ടാങ്ക് ദേഹത്ത് കയറി രണ്ടുപേരും മരിച്ചു. ഒരു ടാങ്കിെന്റ പിന്നിൽ മെഷീൻ ഗണ്ണിൽനിന്നുള്ള ബുള്ളറ്റ് പതിച്ച് രണ്ടുപേരും സൈനികായുധങ്ങളിൽനിന്നുള്ള അവശിഷ്ടങ്ങൾ പതിച്ച് രണ്ടു പേരും കൊല്ലപ്പെട്ടു.

കരയുദ്ധത്തിൽ പങ്കെടുക്കുന്ന സൈനികരുടെ എണ്ണക്കൂടുതൽ, പോരാട്ടത്തിന്റെ ദൈർഘ്യവും സ്വഭാവവും, ക്ഷീണം, പ്രവർത്തന അച്ചടക്കമില്ലായ്മ, ഏകോപനമില്ലായ്മ എന്നിവയുൾപ്പെടെ വിവിധ കാരണങ്ങളാലാണ് സൈനികരുടെ മരണസംഖ്യക്ക് പ്രധാന കാരണമെന്ന് ഇസ്രായേലി സൈന്യം പറയുന്നു.

Tags