ഹമാസ് തടവിലാക്കിയ ആറ് ബന്ദികളുടെ മൃതദേഹം കണ്ടെത്തിയെന്ന് ഇസ്രായേൽ പ്രതിരോധസേന
ഗസ്സ: ഹമാസ് തടവിലാക്കിയ ആറ് ബന്ദികളുടെ മൃതദേഹം കണ്ടെത്തിയെന്ന് ഇസ്രായേൽ. പ്രതിരോധസേനയാണ് മൃതദേഹങ്ങൾ കണ്ടെത്തിയ വിവരം അറിയിച്ചത്. ഹെർഷ് ഗോൾഡ്ബെർ പോളിൻ-23, എദൻ യെരുഷ്ലാമി-24, ഒറി ഡാമിനോ-25, അലക്സ് ലുബ്നോവ്-32, അൽമോഗ് സാരുസി-25, കാർമെൽ ഗാറ്റ്-40 എന്നിവരുടെ മൃതദേഹങ്ങൾ കണ്ടെത്തിയെന്നാണ് ഇസ്രായേൽ പ്രതിരോധസേന അറിയിച്ചത്.
ബന്ദികളിൽ കാർമെൽ ഗാറ്റ് ഒഴികെ മറ്റുള്ളവരെയെല്ലാം ഒക്ടോബർ ഏഴിന് നോവ മ്യൂസിക് ഫെസ്റ്റിവെല്ലിനിടെയാണ് ഹമാസ് തടവിലാക്കിയത്. റഫയിലെ അണ്ടർ ഗ്രൗണ്ട് തുരങ്കത്തിൽ നിന്നാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്. രണ്ടോ മൂന്ന് ദിവസം മുമ്പ് തന്നെ ഇവർ കൊല്ലപ്പെട്ടിരിക്കാമെന്നാണ് ഇസ്രായേലിന്റെ വിലയിരുത്തൽ.
ഹമാസുമായി ഇസ്രായേൽ കരാറിലെത്തിയിരുന്നുവെങ്കിൽ ആറ് ബന്ദികളും ഇന്നും ജീവനോടയുണ്ടാവുമായിരുന്നുവെന്ന് ഇവരുടെ കുടുംബാംഗങ്ങൾ പറഞ്ഞു. ബന്ദനികൾ മരിച്ച വിവരം ഇന്ന് രാവിലെയാണ് അറിഞ്ഞതെന്നും അവരുടെ കുടുംബാംഗങ്ങൾ പറഞ്ഞു.
അതേസമയം, ജെനിൻ പട്ടണത്തിൽ ഇസ്രായേൽ ഉപരോധം കാരണം ഭക്ഷണമോ വെള്ളമോ വൈദ്യുതിയോ ഇന്റർനെറ്റ് സൗകര്യമോ ലഭിക്കാതെ കടുത്ത പ്രതിസന്ധിയുണ്ട്. ഗസ്സയിൽ ഇതുവരെ ഇസ്രായേൽ ആക്രമണത്തിൽ മരിച്ചവരുടെ എണ്ണം 40,691 ആയി. 94,060 പേർക്ക് വിവിധ തരത്തിലുള്ള പരിക്കേറ്റിട്ടുണ്ടെന്നാണ് കണക്ക്.