പാക്കിസ്ഥാനിലെ പുതിയ ഭരണകൂടത്തിനെതിരെ വിവാദ പ്രസ്താവനയുമായി മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ
imrankhan

ഇസ്‌ലാമാബാദ് : പാക്കിസ്ഥാനിലെ പുതിയ ഭരണകൂടത്തിനെതിരെ വിവാദ പ്രസ്താവനയുമായി മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. കള്ളന്മാരെ ഭരണം ഏൽപ്പിക്കുന്നതിനേക്കാൾ മെച്ചം രാജ്യത്ത് അണുബോംബ് വർഷിക്കുന്നതാണെന്ന ഇമ്രാന്റെ പ്രസ്താവനയാണ് വിവാദമായത്. വെള്ളിയാഴ്ച, ഇസ്‌ലാമാബാദിലെ വസതിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുമ്പോഴായിരുന്നു ഇമ്രാന്റെ വാക്കുകൾ.

മുൻ ഭരണാധികാരികളുടെ അഴിമതിയുടെ കഥകൾ തന്നോട് പറയുന്ന ശക്തരായ ആളുകൾ, മറ്റുള്ളവർക്കെതിരായ ആരോപണങ്ങൾക്ക് പകരം സർക്കാരിന്റെ പ്രകടനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഉപദേശിച്ചു തുടങ്ങിയെന്നും ഇമ്രാൻ പരിഹസിച്ചു. ‘അധികാരത്തിൽ എത്തിയ ‘കള്ളന്മാർ’ എല്ലാ സ്ഥാപനങ്ങളെയും നീതിന്യായ വ്യവസ്ഥയെയും തകർത്തു. ഇനി ഏതു വ്യവസ്ഥയാണ് ഈ കുറ്റവാളികൾക്കെതിരായ കേസ് അന്വേഷിക്കുക?’– ഇമ്രാൻ ചോദിച്ചു.

മേയ് 20ന് നടക്കുന്ന മാർച്ച് ഇസ്‌ലാമാബാദിലേക്കു പ്രവേശിക്കുന്നത് തടയാൻ ഒരു ശക്തിക്കും കഴിയില്ലെന്ന് സർക്കാരിന് ഇമ്രാൻ മുന്നറിയിപ്പു നൽകി. യഥാർഥ സ്വാതന്ത്ര്യം നേടാനും കെട്ടിയിറക്കിയ സർക്കാരിനെതിരെ പ്രതിഷേധിക്കാനും 20 ലക്ഷത്തിലധികം ആളുകൾ ഇസ്‌ലാമാബാദിലെത്തുമെന്നും ഇമ്രാൻ അവകാശപ്പെട്ടു.

ഇമ്രാന്റെ പ്രസ്താവനയ്ക്കെതിരെ പ്രധാനമന്ത്രി ഷഹബാസ് ഷരീഫ് രംഗത്തെത്തി. സർക്കാർ സ്ഥാപനങ്ങളെ ലക്ഷ്യമിട്ടുള്ള പ്രസംഗങ്ങളിലൂടെ ഇമ്രാൻ പാക്കിസ്ഥാനിലെ ജനങ്ങളുടെ മനസ്സിൽ വിഷം കുത്തിനിറയ്ക്കുകയാണെന്ന് ഷഹബാസ് ഷരീഫ് പറഞ്ഞു.

Share this story