അടുത്ത മാസം മുതൽ അബുദാബിയിൽ ഹൈഡ്രജൻ ബസുകൾ ഓടി തുടങ്ങും
അബുദാബി: അബുദാബിയിൽ അടുത്ത മാസം മുതൽ ഹൈഡ്രജന്‍ ഊര്‍ജത്തിൽ പ്രവർത്തിക്കുന്ന ബസുകള്‍ ഓടി തുടങ്ങും. ഹരിത പൊതുഗതാഗത ലക്ഷ്യത്തിന്റെ ഭാഗമായാണ് തലസ്ഥാന നഗരിയില്‍ ഹൈഡ്രജന്‍ ബസുകള്‍ സര്‍വിസ് നടത്തുകയെന്ന് സംയോജിത ഗതാഗത കേന്ദ്രത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന് അറിയിച്ചു.
ഏതൊക്കെ റൂട്ടുകളിലാണ് ഇലക്ട്രിക്, ഹൈഡ്രജന്‍ ബസുകള്‍ ഓടുകയെന്ന് വെളിപ്പെടുത്തിയില്ല. അതേസമയം അബുദാബിയിൽ മാത്രമാവും ഇപ്പോള്‍ ഈ ബസുകള്‍ ഓടുകയെന്നും നിലവിലെ യാത്രാക്കൂലിയാണ് ഇതിനും ബാധകമെന്നും സംയോജിത ഗതാഗത കേന്ദ്രത്തിനു കീഴിൽ പ്രവർത്തിക്കുന്ന പൊതുഗതാഗത കാര്യ വകുപ്പിലെ ആള്‍ട്ടര്‍നേറ്റിവ് സസ്റ്റെയ്നബിള്‍ മൊബിലിറ്റി വിഭാഗം മേധാവി അനാന്‍ അലംരി പറഞ്ഞു.