ഹൂതികളുടെ മിസൈൽ പതിച്ച് ഏദൻ ഉൾക്കടലിൽ കപ്പലിന് തീപിടിച്ചു

hoothi

സൻആ : യമനിലെ ഹൂതികളുടെ മിസൈൽ പതിച്ച് ഏദൻ ഉൾക്കടലിൽ കപ്പലിന് തീപിടിച്ചു. ആന്റിഗ്വ ആൻഡ് ബാർബുഡ രാജ്യത്തിന്റെ പതാക വഹിച്ച കപ്പലിന്റെ ഫോർവേഡ് സ്റ്റേഷനിലാണ് മിസൈൽ പതിച്ചത്. ആർക്കും പരിക്കില്ല.

കപ്പൽ ജീവനക്കാർ ഉടൻ തീ കെടുത്തിയെന്ന് സ്വകാര്യ സുരക്ഷ ഏജൻസിയായ ആംബ്രെ അറിയിച്ചു. രണ്ടാമത് വിട്ട മിസൈലിന് ലക്ഷ്യംതെറ്റി. സംഭവസമയത്ത് സമീപത്തെ ചെറുബോട്ടുകളിൽനിന്ന് കപ്പലിന് നേരെ വെടിവെപ്പുണ്ടായതായും റിപ്പോർട്ടുണ്ട്. അതേസമയം, ആക്രമണത്തിന്റെ ഉത്തരവാദിത്തം ഹൂതികൾ ഏറ്റെടുത്തിട്ടില്ല.

കഴിഞ്ഞ നവംബർ മുതൽ ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് സമുദ്രപാതയിൽ ചരക്കുകപ്പലുകൾ ആക്രമിക്കുന്നതിന്റെ തുടർച്ചയാണ് ഈ സംഭവവും. ഇതുവരെയുണ്ടായ അമ്പതിലേറെ ആക്രമണങ്ങളിൽ മൂന്ന് നാവികർ കൊല്ലപ്പെട്ടിട്ടുണ്ട്. ഒരു കപ്പൽ പിടിച്ചെടുക്കുകയും മറ്റൊന്ന് മുക്കുകയും ചെയ്തു.

ഇതിനു തിരിച്ചടിയായി ഹൂതികളെ ലക്ഷ്യമിട്ട് യു.എസ് നേതൃത്വത്തിൽ നടത്തിയ വ്യോമാക്രമണത്തിൽ നിരവധി പേർ കൊല്ലപ്പെട്ടിരുന്നു.

Tags