ഇസ്രായേലിനെ ആക്രമിച്ചത് ഹനിയ്യയെയും നസ്റുല്ലയെയും വധിച്ചതിനുള്ള മറുപടി : ഇറാൻ
തെഹ്റാൻ: ഹിസ്ബുല്ല തലവൻ ഹസൻ നസ്‌റുല്ലയെയും ഹമാസ് നേതാവ് ഇസ്മാഈൽ ഹനിയ്യയെയും കൊലപ്പെടുത്തിയതിനുള്ള മറുപടിയായാണ് ഇസ്രയേലിനെതിരായ മിസൈൽ ആക്രമണമെന്ന് ഇറാൻ സൈന്യം.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഹസൻ നസ്‌റുല്ല ബൈറൂത്തിൽ ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഈ വർഷം ജൂലൈ 31ന് ഇറാനിലെ തെഹ്റാനിലായിരുന്നു ഹമാസ് നേതാവ് ഇസ്മാഈൽ ഹനിയ്യ കൊല്ലപ്പെട്ടത്. ഇതിനുള്ള തിരിച്ചടിയായാണ് ഇസ്രയേലിനെതിരെ മിസൈൽ ആക്രമണം നടത്തിയതെന്ന് ഇറാൻ റെവല്യൂഷണറി ഗാർഡ്സ് പറഞ്ഞതായി ഫാർസ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.
“ഇസ്മാഈൽ ഹനിയ്യ, ഹസൻ നസ്‌റുല്ല, ഐ.ആർ.ജി.സി ഗാർഡ്‌സ് കമാൻഡർ നിൽഫോറോഷൻ എന്നിവരുടെ രക്തസാക്ഷിത്വത്തിന് മറുപടിയായി, അധിനിവേശ പ്രദേശങ്ങളുടെ ഹൃദയഭാഗമാണ് ഞങ്ങൾ ലക്ഷ്യമിട്ടത്” -െഎ.ആർ.ജി.സി പ്രസ്താവനയിൽ പറഞ്ഞു.
ഇന്ന് രാത്രിയാണ് തെൽ അവീവിനുനേരെ ഇറാൻ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം നടത്തിയത്. 200ലേറെ മിസൈലുകൾ തൊടുത്തുവിട്ടതായി റിപ്പോർട്ട് ചെയ്യുന്നു. ഇസ്രായേലിനുനേരെ ഇറാൻ മിസൈൽ ആക്രമണത്തിനു തയാറെടുക്കുന്നതായി അമേരിക്ക മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിനുപിന്നാലെയാണ് ഇറാന്‍റെ ആക്രമണം.