ഇ​സ്രായേലിന്റെ ആക്രമണത്തിൽ ബന്ദി കൊല്ലപ്പെട്ടതായി ഹമാസ്

hamas
hamas

ജറൂസലം: വടക്കൻ ഗസ്സയിൽ ഇ​സ്രായേലിന്റെ ആക്രമണത്തിൽ ബന്ദി കൊല്ലപ്പെട്ടതായി ഹമാസ്. വനിത ബന്ദിയാണ് കൊല്ലപ്പെട്ടതെന്ന്​ ഹമാസ്​ വക്​താവ്​ അബൂ ഉബൈദ പറഞ്ഞു. ബന്ദികളിൽ ചിലരുടെ അവസ്ഥ എന്തെന്ന്​ അറിയാൻ കഴിയാത്ത സാഹചര്യമാണുള്ളത്. ബന്ദി കൊല്ലപ്പെട്ടതിന്‍റെ പൂർണ ഉത്തരവാദിത്തം ഇസ്രായേൽ പ്രധാനമ​ന്ത്രി ബിന്യമിൻ നെതന്യാഹുവിനാണെന്നും​ ഹമാസ്​ ആരോപിച്ചു.

അതേസമയം, കൊല്ലപ്പെട്ട വനിതാ ബന്ദിയുടെ ബന്ധുക്കളുമായി ആശയവിനിമയം നടത്തിയതായി ഇസ്രായേൽ സൈനിക വക്​താവ്​ പ്രതികരിച്ചു. സുരക്ഷാ മന്ത്രിസഭയുടെ യോഗ തീരുമാനങ്ങൾ ഉൾപ്പെടെ സുപ്രധാന വിവരങ്ങൾ ചിലർ ചോർത്തിയെന്ന് ആരോപിച്ച് നെതന്യാഹു രംഗത്തുവന്നു.

തന്നെ താറടിക്കാൻ നടന്ന ശ്രമങ്ങൾ ഇസ്രായേലിന്‍റെ സുരക്ഷക്കാണ്​ ഭീഷണിയായതെന്നും നെതന്യാഹു പറയുന്നു. രഹസ്യ രേഖ ചോർത്തൽ സംഭവത്തിൽ അറസ്റ്റിലായ തന്‍റെ സഹായി നിരപരാധിയാണെന്നും നെതന്യാഹു കൂട്ടിച്ചേർത്തു. എന്നാൽ, നെതന്യാഹുവിന്‍റെ വാദങ്ങൾ പരിഹാസ്യമാണെന്നായിരുന്നു​ പ്രതിപക്ഷ നേതാവ്​ യായിർ ലാപിഡിന്റെ പ്രതികരണം.

Tags