ദീർഘകാലം ഗസ്സയിൽ സൈന്യം തുടരും : ഇസ്രായേൽ
ജറൂസലം: ദീർഘകാലം ഗസ്സയിൽ സൈന്യം തുടരുമെന്ന് വെളിപ്പെടുത്തി ഇസ്രായേൽ മന്ത്രിയും സുരക്ഷ മന്ത്രിസഭാംഗവുമായ അവി ഡിച്ചർ. മേഖലയിൽ ഹമാസിന്റെ തിരിച്ചുവരവിനെതിരെയുള്ള നടപടിയുടെ ഭാഗമാണിതെന്നും അദ്ദേഹം വ്യക്തമാക്കി.
ഗസ്സയിൽ പിടിച്ചെടുത്ത നെറ്റ്സരിം ഇടനാഴിയിലായിരിക്കും സൈനിക സാന്നിധ്യം തുടരുക. അധിനിവിഷ്ട വെസ്റ്റ് ബാങ്കിന്റെ സമാനരീതിയിൽ മേഖലയെ നിയന്ത്രിക്കുമെന്നും ഡിച്ചർ മുന്നറിയിപ്പ് നൽകി.
നെറ്റ്സരിം ഇടനാഴിയിൽ ഇനി ഒരു കെട്ടിടവും തകർക്കാൻ ബാക്കിയില്ലെന്നും വർഷങ്ങളോളം സൈനിക സാന്നിധ്യം നിലനിർത്തുകയാണ് ദൗത്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗസ്സയിലെ പല ഭാഗങ്ങളിൽനിന്നും താമസക്കാരെ ഇസ്രായേൽ ഒഴിപ്പിക്കുന്നതായി നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നു. ഇസ്രായേലിന്റേത് വംശഹത്യയാണെന്ന യു.എൻ റിപ്പോർട്ടിന് പിന്നാലെയാണ് ആഭ്യന്തര സുരക്ഷ സർവിസ് ഏജൻസിയായ ഷിൻ ബെതിന്റെ മുൻ തലവനായിരുന്ന ഡിച്ചർ നിലപാട് വ്യക്തമാക്കുന്നത്.
ഒരു വർഷത്തിലേറെയായി തുടരുന്ന ആക്രമണം അവസാനിപ്പിച്ച് ഗസ്സയിൽനിന്ന് സൈന്യം പൂർണമായും പിന്മാറണമെന്ന ഫലസ്തീൻ ജനതയുടെ ആവശ്യം ഇസ്രായേൽ അംഗീകരിക്കില്ലെന്നാണ് പുതിയ വെളിപ്പെടുത്തൽ നൽകുന്ന സൂചന.