ഗസ്സയിൽ കുട്ടികൾക്കായി പോളിയോ വാക്സിനുകളുടെ രണ്ടാം ബാച്ച് എത്തി

polio
polio

റാമല്ല: സംഘർഷം കനക്കുന്നതിനിടെ പ്രതിരോധ വാക്സിനുകൾ ലഭ്യമല്ലാതായ ഗസ്സയിലും സമീപ പ്രദേശങ്ങളിലും പോളിയോ വാക്സിനുകളുടെ രണ്ടാം ബാച്ച് എത്തിച്ചേർന്നു. 3,50,000 പോളിയോ വാക്‌സിൻ ഡോസുകളാണ് ഗസ്സയിൽ എത്തിയതെന്ന് ഫലസ്തീൻ ആരോഗ്യ മന്ത്രി മജീദ് അബു റമദാൻ പറഞ്ഞു.

യുനൈറ്റഡ് നാഷൻസ് ചിൽഡ്രൻസ് ഫണ്ടുമായി യോജിച്ച് വാക്സിനേഷൻ കാമ്പയിനിനായി സൂക്ഷിച്ചിരിക്കുന്ന രണ്ടാമത്തെ ബാച്ച് വാക്സിനാണിത്. 10 വയസ്സുവരെയുള്ള എല്ലാ കുട്ടികൾക്കും രണ്ട് ഡോസ് വീതം കുത്തി​വെപ്പ് നൽകാൻ പര്യാപ്തമായ 1.6 ദശലക്ഷം ഡോസുകൾ എത്തുമെന്ന് പ്രതീക്ഷിക്കുന്നതായി സിൻഹുവ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ഇസ്രായേൽ ഭാഗത്തുനിന്നുള്ള കനത്ത ആക്രമണത്തിനിടയിൽ ജീവൻ കൈയിലെടുത്താണ് ആരോഗ്യ പ്രവർത്തകരും യു.എൻ ഉദ്യോഗസ്ഥരും വാക്സിൻ കാമ്പയിനുമായി മുന്നോട്ടു പോകുന്നത്.

ഞായറാഴ്ച മുതൽ, ആരോഗ്യ മന്ത്രാലയ ടീമുകൾ, ലോകാരോഗ്യ സംഘടന, ഫലസ്തീൻ അഭയാർത്ഥികൾക്കായുള്ള യു.എൻ ഏജൻസി, യൂനിസെഫ് എന്നിവയ്‌ക്കൊപ്പം മധ്യ ഗസ്സയിലെ ദേർ അൽ-ബാലയിൽ വാക്‌സിനേഷൻ ക്യാമ്പ് നടത്തും. ഖാൻ യൂനിസ്, ഗസ്സ സിറ്റി, വടക്കൻ ഗവർണറേറ്റുകൾ എന്നിവിടങ്ങളിലേക്കും വാക്സിൻ പ്രചാരണം വ്യാപിപ്പിക്കും.

ഇതുവരെ 1,58,000ത്തിലധികം കുട്ടികൾക്ക് വാക്സിനേഷൻ നൽകിയിട്ടുണ്ടെന്ന് മന്ത്രാലയം അറിയിച്ചു. പോളിയോ വാക്സിനേഷന് വേണ്ടി സൈനിക നടപടി താൽക്കാലികമായി നിർത്തിവെക്കുമെന്ന് ഇസ്രായേൽ സമ്മതിച്ചിരുന്നെങ്കിലും ആക്രമണം തുടരുകയാണ്.

Tags