ഗാസ മരിക്കുമ്പോള്‍ മുഴുവന്‍ മനുഷ്യരാശിയും മരിക്കുകയാണ് : നെതന്യാഹുവിനെതിരെ രൂക്ഷവിമര്‍ശനവുമായി കൊളംബിയ
ന്യൂയോര്‍ക്ക്: 79-ാമത് യു.എന്‍ ജനറല്‍ അസംബ്ലിയില്‍ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെതിരെ രൂക്ഷവിമര്‍ശനവുമായി കൊളംബിയയും തുര്‍ക്കിയും. ഗാസ മരിക്കുമ്പോള്‍ മുഴുവന്‍ മനുഷ്യരാശിയും മരിക്കുകയാണെന്ന് കൊളംബിയന്‍ പ്രസിഡന്റ് ഗുസ്താവോ പെട്രോ പറഞ്ഞു.
കാലാവസ്ഥാ പ്രതിസന്ധികൊണ്ട് നേരിട്ട നാശങ്ങളേക്കാള്‍ എത്രയോ ഭീകരമായ നാശനഷ്ടങ്ങളാണ് നെതന്യാഹു ഗാസയില്‍ വര്‍ഷിച്ച ബോംബുകളാല്‍ ഉണ്ടായതെന്ന് ഗുസ്താവോ പെട്രോ പറഞ്ഞു. 20,000ത്തോളം കുട്ടികളാണ് ഗാസയില്‍ ഇസ്രയേലിന്റെ ആക്രമണത്തില്‍ മരിച്ചുവീണതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ജീവന്‍ നിലനിര്‍ത്താന്‍ ശേഷിയുള്ള നമ്മള്‍ ഗാസയിലെ പലസ്തീനികളെ കണ്ടില്ലെന്ന് നടിക്കുകയാണ്. ലോകരാഷ്ട്രങ്ങളുടെ ശബ്ദം മാത്രമാണ് അന്താരാഷ്ട്ര വേദികളില്‍ കേള്‍ക്കുന്നതെന്നും പെട്രോ പറയുകയുണ്ടായി. ഇത്തരത്തിലുള്ള രാഷ്ട്രങ്ങളുടെ അധികാരം നിലനില്‍ക്കുന്നത് സാമ്പത്തിക-രാഷ്ട്രീയ മേഖലകളില്‍ അല്ല, മനുഷ്യരെ കൊന്നൊടുക്കുന്നതിലാണ്. ഗാസയിലെ വംശഹത്യക്കെതിരെ വോട്ട് ചെയ്യാന്‍ അവര്‍ വിസമ്മതിക്കുന്നത് ഇക്കാരണത്താലാണെന്നും ഗുസ്താവോ പെട്രോ ചൂണ്ടിക്കാട്ടി.