കഞ്ചാവ് ചെടികള്‍ വീട്ടില്‍ നട്ടുവളര്‍ത്താന്‍ അനുവാദം നല്‍കി തായ്‌ലന്‍റ്; നാണ്യവിളയായി പ്രഖ്യാപിച്ചു

google news
ganja

വീടുകളില്‍ കഞ്ചാവ് വളര്‍ത്താന്‍ താ‌യ്‌ലന്റ് സര്‍ക്കാര്‍ അനുമതി നല്‍കി. കഞ്ചാവ് ചെടികളെ നാണ്യവിളയായി പ്രഖ്യാപിച്ചിരിക്കുകയാണ് സര്‍ക്കാര്‍. പക്ഷേ കടുത്ത നിയന്ത്രണങ്ങള്‍ കൂടി ഉണ്ട്. മെഡിസിന്‍ ആവശ്യത്തിന് മാത്രമേ ഇവ ഉപയോഗിക്കാവൂ. വടക്ക്-കിഴക്ക് ഏഷ്യയില്‍ കഞ്ചാവ് മെഡിക്കല്‍ ആവശ്യത്തിന് ഉപയോഗിക്കാന്‍ നിയമപരമായി അനുവദിക്കുന്ന ആദ്യ രാജ്യമാണ് തായ്‌ലന്റ്.

പത്ത് ലക്ഷം കഞ്ചാവ് ചെടികളാണ് സര്‍ക്കാര്‍ നേരിട്ട് വിതരണം ചെയ്യുന്നത്. അടുത്തമാസം മുതല്‍ വിതരണം ആരംഭിക്കും. നിയമം ജൂണ്‍ 9 മുതല്‍ പ്രാബല്യത്തില്‍ വരും. എന്നാല്‍ വീട്ടിലെ ചെറിയ മെഡിക്കല്‍ ആവശ്യങ്ങള്‍ക്ക് മാത്രമേ കഞ്ചാവ് ഉപയോഗിക്കാവൂ. വ്യാവസായിക ആവശ്യത്തിന് ഉപയോഗിക്കാന്‍ അനുമതി ഇല്ല. കര്‍ഷകര്‍ക്കും സര്‍ക്കാരിനും നല്ലൊരു വരുമാനവും പ്രതീക്ഷിക്കുന്നുണ്ട്.

വര്‍ഷം ഇരുപത്തി രണ്ട് ലക്ഷം രൂപയാണ് വരുമാനം കണക്കാക്കുന്നത്. ഭാവിയില്‍ ഇത് വലിയൊരു വ്യവസായമായി വിപുലപ്പെടുത്താനും ആലോചനയുണ്ട്. അങ്ങനെ വിദേശികളെ രാജ്യത്തേക്ക് ആകര്‍ഷിക്കുക, മെഡിക്കല്‍ ടൂറിസം വികസിപ്പിക്കുക, കോവിഡ് ഉണ്ടാക്കിയ സാമ്പത്തിക ആഘാതം മറികടക്കുക. ഇതാണ് തായ്‌ലന്റിന്‍റെ പദ്ധതി.

ജൂണ്‍ 9ന് നിയമം പ്രാബല്യത്തില്‍ വന്നാലും തോന്നുംപോലെ ആര്‍ക്കും കഞ്ചാവ് വീട്ടില്‍ വളര്‍ത്താന്‍ പറ്റില്ല. ആദ്യം തദ്ദേശവകുപ്പിന്റെ അനുമതി വാങ്ങണം. മെഡിക്കല്‍ ആവശ്യത്തിന് മാത്രമാണെന്ന് സാക്ഷ്യപ്പെടുത്തി നല്‍കണം. മരുന്നിനായി കഞ്ചാവ് വേര്‍തിരിച്ചെടുക്കുമ്ബോള്‍ ടെട്രാ ഹൈഡ്രോകന്നാബിനോള്‍ അംശം 0.2 ശതമാനത്തെക്കാള്‍ കൂടുതല്‍ ആകാന്‍ പാടില്ല.

കഞ്ചാവിലെ പ്രധാന സൈക്കോ ആക്ടീവ് സംയുക്തമാണ് ടിഎച്ച്‌ സി എന്ന് പറയുന്ന ടെട്രാഹൈഡ്രോകന്നാബിനോള്‍. ഇതിന്റെ അംശം കൂടുന്നത് നിയമവിരുദ്ധമാണ്. വ്യാവസായികമായി കഞ്ചാവ് ഉപയോഗിക്കുന്നവര്‍ ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്റെ അനുവാദം വാങ്ങുന്നത് തുടരണം. വ്യാവസായികാടിസ്ഥാനത്തില്‍ കഞ്ചാവ് ഇറക്കുമതിക്കും നിര്‍മാണത്തിനുമൊക്കെയായി 4,700 അപേക്ഷകളാണ് ഇതുവരെ ലഭിച്ചിട്ടുള്ളത്.

രാജ്യത്തെ മയക്കുമരുന്ന് പട്ടികയില്‍ നിന്ന് കഞ്ചാവ് ഒഴിവാക്കുകയാണ് തായ്‌ലന്റ് ആദ്യം ചെയ്തത്. വേദനയും ക്ഷീണവും ഒഴിവാക്കാന്‍ തായ്‌ലന്റില്‍ പരമ്ബരാഗതമായി കഞ്ചാവ് ഉപയോഗിച്ചുവന്നിരുന്നു. തൊട്ടടുത്ത നാടായ സിംഗപ്പൂരില്‍ പക്ഷേ കഞ്ചാവ് കൈവശം വയ്ക്കുന്നത് വലിയ കുറ്റമാണ്. പത്ത് വര്‍ഷം വരെ തടവ് ശിക്ഷ ലഭിച്ചേക്കാം. വധശിക്ഷയ്ക്കും വിധിക്കപ്പെട്ടേക്കാം. ഇന്തോനേഷ്യയിലും മലേഷ്യയിലും വധശിക്ഷവരെ ലഭിക്കാവുന്ന കുറ്റമാണ്.

മറ്റ് പല രാജ്യങ്ങളും കഞ്ചാവ് നിയമവിധേയമാക്കിയിട്ടുണ്ട്. 2018ല്‍ കാനഡ നിരോധനം നീക്കിയിരുന്നു. 2013ല്‍ ഉരുഗ്വെ 18 വയസിന് മുകളിലുള്ളവര്‍ക്ക് മരുന്ന് ആവശ്യത്തിനായി ഉപയോഗിക്കാന്‍ അനുമതി നല്‍കി. ഫാര്‍മസികളില്‍ നിന്ന് തന്നെ കഞ്ചാവ് വാങ്ങിക്കാം.

നെതര്‍ലന്‍ഡ്സ്, സ്പെയിന്‍, ചെക്ക് റിപ്പബ്ലിക് ഉള്‍പ്പെടെ ചില യൂറോപ്യന്‍ രാജ്യങ്ങളില്‍ പൊതുസ്ഥലങ്ങളില്‍ കഞ്ചാവ് വലിക്കാന്‍ അനുവദിക്കുന്നുണ്ട്. വാഷിങ്ടണ്‍ ഡിസി, ന്യൂയോര്‍ക്ക്, കാലിഫോര്‍ണിയ ഉള്‍പ്പെടെ അമേരിക്കയിലെ 20 സംസ്ഥാനങ്ങളിലും കുറ്റകരമല്ല.

കഞ്ചാവ് ഭക്ഷണമാക്കിയ നാട്

തായ്‌ലന്റിലെ ഒരു റസ്റ്റോറന്റില്‍ കഞ്ചാവ് ഉപയോഗിച്ചുള്ള ഭക്ഷണം വരെയുണ്ട്. ഗിഗ്ലിംഗ് ബ്രെഡ്, ജോയ്ഫുളി ഡാന്‍സിങ് സലാഡ് എന്നാണ് ഭക്ഷണത്തിന് പേര്. പ്രാച്ചിന്‍ ബുറിയിലെ ചാവോ ഫയാ അഭിഭുബെജര്‍ ആശുപത്രിയിലെ റസ്റ്റോറന്റിലാണ് ഇവ ലഭിക്കുക.

കഞ്ചാവ് ഇലകള്‍ ഭക്ഷണത്തില്‍ ചെറിയ അളവില്‍ ഇടുന്നത് രോഗികള്‍ക്ക് വേഗം സുഖംപ്രാപിക്കാന്‍ സഹായിക്കുമെന്നാണ് ഇവര്‍ പറയുന്നത്. മരിജുവാനയെക്കുറിച്ച്‌ പഠനം നടത്തുന്ന ആശുപത്രിയാണിത്. കഞ്ചാവ് ഇലകളുടെ സാലഡും ഇവിടെ ലഭിക്കും.

Tags