ശവപ്പെട്ടിയില്‍ നിന്ന് തട്ടലും മുട്ടലും, സംസ്കാര ചടങ്ങിനിടെ 'മരിച്ചയാള്‍' കണ്ണുതുറന്നു ; പിന്നീട്‌അരങ്ങേറിയത് നാടകീയരംഗങ്ങള്‍
funeral

പെറുവില്‍ ശവസംസ്കാര ചടങ്ങിനിടയില്‍ ശവപ്പെട്ടിയിലുള്ളയാള്‍ക്ക് ജീവനുണ്ടെന്ന് കണ്ടെത്തി. പിന്നീട്‌അരങ്ങേറിയത് നാടകീയരംഗങ്ങള്‍.
കുഴിയിലേക്ക് എടുക്കുന്നതിന് തൊട്ട് മുമ്പായി പെട്ടിക്കുള്ളില്‍ നിന്ന് അനക്കവും ഞരക്കവും കേട്ടതോടെയാണ് ചടങ്ങുകള്‍ക്ക് വഴിത്തിരിവുണ്ടായത്. ശവപ്പെട്ടി തുറന്നപ്പോള്‍ ഉള്ളിലുള്ളയാള്‍ക്ക് ജീവനുണ്ടെന്ന് മനസ്സിലായി. സാധാരണ രീതിയില്‍ നടക്കേണ്ടിയിരുന്ന ശവസംസ്കാര ചടങ്ങ് പിന്നീട് നാടകീയ രംഗങ്ങള്‍ക്കാണ് സാക്ഷ്യം വഹിച്ചത്.

കാറപകടത്തില്‍ ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന റോസ ഇസബെല്‍ സെസ്പെഡെസ് കലാക്കയെന്ന സ്ത്രീയുടെ ശവസംസ്കാര ചടങ്ങ് ഏപ്രില്‍ 26ന് നടത്താനാണ് കുടുംബം നിശ്ചയിച്ചിരുന്നത്. ഡോക്ടര്‍മാരാണ് റോസയുടെ മരണം സ്ഥിരീകരിച്ച്‌ മൃതദേഹം വീട്ടുകാര്‍ക്ക് വിട്ടുകൊടുത്തത്. അപകടത്തില്‍ റോസയുടെ ഭര്‍ത്താവിന്‍െറ സഹോദരന്‍ മരിക്കുകയും മരുമക്കള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നുവെന്ന് മെട്രോ യുകെ റിപ്പോര്‍ട്ട് ചെയ്യുന്നു. ലാമ്ബായെക്ക് നഗരത്തിലെ ചിക്ലായോ - പിസി റോഡില്‍ വെച്ചാണ് അപകടമുണ്ടായത്.

മരണം സ്ഥിരീകരിച്ചതോടെ റോസയ്ക്ക് അന്തിമോപചാരം അര്‍പ്പിക്കാന്‍ കുടുംബം ശവസംസ്കാര ചടങ്ങുകള്‍ നടത്താന്‍ തീരുമാനിച്ചു. ചടങ്ങുകളുടെ അവസാനഘട്ടത്തില്‍ കുഴിയിലേക്ക് വെക്കാന്‍ ശവമഞ്ചം ബന്ധുക്കള്‍ തോളിലേറ്റി. ഈ സമയത്താണ് അപ്രതീക്ഷിതമായി ശവമഞ്ചത്തിനുള്ളില്‍ നിന്ന് തട്ടലും മുട്ടലും ഞരക്കവുമൊക്കെ കേട്ടത്. ഇതോടെ കുടുംബം ശവപ്പെട്ടി തുറന്ന് നോക്കി. ശ്വാസം കിട്ടുന്നതിന് വേണ്ടി ഞെരിപിരി കൊള്ളുന്ന അവസ്ഥയിലുള്ള റോസയെയാണ് അതിനുള്ളില്‍ കാണാന്‍ സാധിച്ചത്.

ശവപ്പെട്ടി തുറന്നപ്പോള്‍ റോസ എല്ലാവരെയും നോക്കുകയും വല്ലാതെ വിയര്‍ക്കുകയും ചെയ്യുന്നുണ്ടായിരുന്നു. ഉടന്‍ തന്നെ റോസയെ ഫെറന്നാഫെയിലുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോയി. "ഞാന്‍ നോക്കുമ്ബോള്‍ അവര്‍ കണ്ണ് തുറന്നിരുന്നു. ശ്വാസം കിട്ടുന്നതിന് വല്ലാതെ ബുദ്ധിമുട്ടുന്നതായി തോന്നി. ഒപ്പം വല്ലാതെ വിയര്‍ക്കുകയും ചെയ്തിരുന്നു. ഉടന്‍ തന്നെ ഞാനെന്‍െറ ഓഫീസിലെത്തി പോലീസിനെ വിവരമറിയിച്ചു. വൈകാതെ തന്നെ ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി," സെമിത്തേരിയുടെ കെയര്‍ ടേക്കറായ ജുവാന്‍ സെഗുണ്ടോ കാജോ പറഞ്ഞു.

ജീവന്‍ തിരിച്ചുകിട്ടുമെന്ന നേരിയ പ്രതീക്ഷയിലായിരുന്നു കുടുംബം. ആശുപത്രി അധികൃതര്‍ പിന്നീട് തങ്ങള്‍ക്ക് പറ്റാവുന്ന വിധത്തില്‍ ശ്രമം തുടങ്ങി. റോസയെ നേരെ ഐസിയുവിലേക്ക് മാറ്റി. ജീവന്‍രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് അവര്‍ക്ക് ശ്വസിക്കാന്‍ സാധിച്ചത്.

എന്നാല്‍ അധികം വൈകാതെ തന്നെ റോസയുടെ ആരോഗ്യസ്ഥിതി വീണ്ടും വഷളായി തുടങ്ങി. ഡോക്ടര്‍മാര്‍ കിണഞ്ഞ് പരിശ്രമിച്ചെങ്കിലും മണിക്കൂറുകള്‍ക്ക് ശേഷം റോസ മരണത്തിന് കീഴടങ്ങുകയായിരുന്നു. ആദ്യം പ്രവേശിപ്പിച്ച ആശുപത്രിക്ക് സംഭവിച്ച പിഴവാണ് ഈ തെറ്റിദ്ധാരണ ഉണ്ടാക്കിയതെന്ന് റോസയുടെ ബന്ധുക്കള്‍ ആരോപിക്കുന്നു. മറ്റൊരു പ്രാദേശിക ആശുപത്രിയിലാണ് അപകടം നടന്നതിന് ശേഷം ഇവരെ പ്രവേശിപ്പിച്ചിരുന്നത്.

അപകടത്തിന് ശേഷം കോമയിലായ റോസ മരിച്ചുവെന്ന് ആശുപത്രി അധികൃതര്‍ തെറ്റിദ്ധരിച്ചതാവാമെന്ന് ബന്ധുക്കളും കുടുംബാംഗങ്ങളും പറയുന്നു. ഇത് ആശുപത്രിയുടെ ഭാഗത്ത് നിന്നുണ്ടായ ഗുരുതരമായ വീഴ്ചയാണെന്നും അവര്‍ ആരോപിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം നടക്കുന്നുണ്ട്. അപകടത്തില്‍ പരിക്കേറ്റ റോസയുടെ മൂന്ന് ബന്ധുക്കള്‍ കൂടി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. ഗുരുതരമായി പരിക്കേറ്റിട്ടുള്ള ഇവരുടെ ആരോഗ്യ സ്ഥിതി മോശമായി തന്നെ തുടരുകയാണെന്നാണ് റിപ്പോര്‍ട്ട്.

Share this story