യുഎസിൽ വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവതിയടക്കം നാല് ഇന്ത്യക്കാര്‍ക്ക് ദാരുണാന്ത്യം

indians died in a accident in us
indians died in a accident in us

ന്യൂയോര്‍ക്ക്: യുഎസിൽ വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവതിയടക്കം നാല് ഇന്ത്യക്കാര്‍ക്ക് ദാരുണാന്ത്യം. ആര്യന്‍ രഘുനാഥ് ഒരമ്പട്ടി, ഫാറൂഖ് ഷെയ്ഖ്, ലോകേഷ് പാലച്ചര്‍ല, ദര്‍ശിനി വാസുദേവന്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. യുഎസ് സംസ്ഥാനമായ അര്‍കന്‍സാസിലെ ബെന്റോന്‍വില്ലയിലേക്കുള്ള യാത്രാമധ്യേയാണ് ഇവർ അപകടത്തില്‍പ്പെട്ടത്. 

അപകടത്തില്‍ അഞ്ച് വാഹനങ്ങള്‍ ഉള്‍പ്പെട്ടിരുന്നു. അമിത വേഗതയില്‍ വന്ന ട്രക്ക് ഇവര്‍ സഞ്ചരിച്ചിരുന്ന കാറിന്റെ പിന്നിലിടിച്ചു. ഉടനെ കാറിന് തീപിടിക്കുകയും അതിലുണ്ടായിരുന്ന എല്ലാവരും കത്തിയെരിയുകയുമായിരുന്നു. കാര്‍പൂളിങ് ആപ്പ് വഴി ഒരുമിച്ച് യാത്ര നടത്തിയവരാണ് അപകടത്തില്‍പ്പെട്ടവര്‍. ഡിഎന്‍എ പരിശോധന നടത്തിയാണ് മരിച്ചവരെ തിരിച്ചറിഞ്ഞത്.

ഡാലസിലെ ബന്ധുവിനെ സന്ദര്‍ശിച്ച് മടങ്ങുകയായിരുന്നു ആര്യന്‍ രഘുനാഥും സുഹൃത്ത് ഫാറൂഖ് ശെയ്ഖും. ലോകേഷ്, ബെന്റോന്‍വില്ലയിലുള്ള തന്റെ ഭാര്യയെ സന്ദർശിക്കുന്നതിന് പോകുകയായിരുന്നു. ടെക്‌സസ് സര്‍വകലാശാലയിലെ വിദ്യാര്‍ഥിയായിരുന്ന ദര്‍ശിനി വാസുദേവന്‍ തന്റെ അമ്മാവനെ കാണുന്നതിനായി പോകുകയായിരുന്നു. കാര്‍ പൂളിങ് ആപ്പ് വഴിയാണ് ഒരുമിച്ച് യാത്രചെയ്തിരുന്നത് എന്നതിനാൽ ഇവരെ തിരിച്ചറിയാന്‍ സഹായകരമായി.

മാക്സ് അഗ്രി ജനറ്റിക്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരില്‍ ഹൈദരാബാദ് ആസ്ഥാനമായുള്ള സ്ഥാപനത്തിന്റെ ഉടമയാണ് ആര്യന്‍ രഘുനാഥിന്റെ പിതാവ്. ഇയാളുടെ സുഹൃത്ത് ഫാറൂഖ് ഷെയ്ഖും ഹൈദരാബാദ് സ്വദേശിയാണ്. തമിഴ്‌നാട് സ്വദേശിയായ ദര്‍ശിനി ടെക്‌സാസിലായിരുന്നു താമസം.

Tags