നേപ്പാളിലെ വെള്ളപൊക്കം ; 170 മരണം
കാഠ്മണ്ഡു: നേപ്പാളിലെ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും ഇതുവരെ 170 പേർ മരിച്ചതായി വിവരം, 42 പേരെ കാണാതായി. കാഠ്മണ്ഡു ഉൾപ്പെടെ വിവിധ ജില്ലകളെ ബാധിച്ച വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ എന്നിവയുടെ ഏറ്റവും പുതിയ വിവരം ആഭ്യന്തര മന്ത്രാലയ വക്താവ് ഋഷിറാം തിവാരി ഞായറാഴ്ച പുറത്തുവിട്ടതായി ഹിമാലയൻ ടൈംസ് റിപ്പോർട്ട് ചെയ്തു.
ദുരന്തങ്ങളിൽ 111 പേർക്ക് പരിക്കേറ്റതായും 4,000ത്തോളം പേരെ രക്ഷപ്പെടുത്തിയതായും നേപ്പാൾ ആഭ്യന്തര മന്ത്രാലയം ഞായറാഴ്ച സ്ഥിരീകരിച്ചു. സുരക്ഷാ ഏജൻസികളെ വിന്യസിച്ചതോടെ തിരച്ചിൽ, രക്ഷാപ്രവർത്തനം, ദുരിതാശ്വാസ പ്രവർത്തനങ്ങൾ എന്നിവ കൂടുതൽ ഊർജിതമാക്കിയതായി ഹിമാലയൻ ടൈംസ് റിപ്പോർട്ട് ചെയ്തു. കാവ്രെ, സിന്ധുലി, ലളിത്പൂർ ജില്ലകളിൽ പരിക്കേറ്റവരോ ഒറ്റപ്പെട്ടവരോ ആയ 162 പേരെ നേപ്പാളി ആർമി ഹെലികോപ്ടറുകൾ രക്ഷപ്പെടുത്തി. പരിക്കേറ്റവർ ചികിത്സയിൽ തുടരുകയാണ്.