ജോലിസമയത്ത് ഉറങ്ങിയ ജീവനക്കാരനെ പിരിച്ചുവിട്ടു; ജീവനക്കാരന് 40 ലക്ഷം രൂപ നഷ്ടപരിഹാരം

computer work
computer work

ജോലിസമയത്ത് ഉറങ്ങിയ ജീവനക്കാരനെ പുറത്താക്കി കമ്പനി . തന്നെ പുറത്താക്കിയ നടപടി ചോദ്യം ചെയ്ത് കോടതിയെ സമീപിച്ച ജീവനക്കാരന് 40.78 ലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കാന്‍ കോടതി ഉത്തരവിടുകയും ചെയ്തു. ചൈനയിലാണ് സംഭവം.

ജിയാങ്‌സു പ്രവിശ്യയിലെ ഒരു കെമിക്കല്‍ കമ്പനിയില്‍ 20 കൊല്ലമായി ജോലി ചെയ്തിരുന്ന ഴാങ് ആണ് ജോലിക്കിടെ ഉറങ്ങിയത്. ഒരു മണിക്കൂറോളം ഴാങ് ഉറങ്ങിപ്പോയി. കമ്പനിയിലെ ഒരു സെക്ഷന്റെ മേധാവി കൂടിയായിരുന്ന ഴാങ്. രാത്രി വൈകിയും കാറോടിക്കേണ്ടി വന്ന സാഹചര്യമുണ്ടായതിനാലാണ് പിറ്റേ ദിവസം ജോലി സമയത്ത് ഴാങ് ഉറങ്ങിപ്പോയത്. നിര്‍ഭാഗ്യവശാല്‍ ഴാങ്ങിന്റെ ഉറക്കം സിസിടിവി ക്യാമറ പകര്‍ത്തുകയും ചെയ്തു. ഈ വര്‍ഷം ആദ്യമായിരുന്നു സംഭവം.

രണ്ടാഴ്ചയ്ക്കുശേഷം കമ്പനിയിലെ എച്ച്ആര്‍ വിഭാഗം ഇക്കാര്യം ഴാങ്ങിന്റെ മേലുദ്യോഗസ്ഥരെ അറിയിച്ചു. കമ്പനിവ്യവസ്ഥകള്‍ ലംഘിച്ച ഴാങ്ങിന് അധികം വൈകാതെ പുറത്താക്കിയതിന്റെ നോട്ടീസ് ലഭിച്ചു. 2004 ലാണ് ഴാങ് ജോലിയില്‍ പ്രവേശിച്ചത്. വൈകാതെ കമ്പനിക്കെതിരേ ഴാങ് കോടതിയിലെത്തി. കമ്പനിക്ക് നഷ്ടമുണ്ടാക്കുന്ന വിധത്തിലുള്ള പ്രവൃത്തികള്‍ ഴാങ്ങിന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ലെന്നായിരുന്നു കോടതിയുടെ നിരീക്ഷണം.

20 കൊല്ലമായി കമ്പനിയുടെ ജീവനക്കാരനായിരുന്ന ഴാങ്ങിനെ ഇത്തരത്തില്‍ പിരിച്ചുവിടുന്നത് അംഗീകരിക്കാനാകില്ലെന്ന് അഭിപ്രായപ്പെട്ട കോടതി ഴാങ്ങിന് 3,50,000 യുവാന്‍( 40.78 ലക്ഷം രൂപ) നഷ്ടപരിഹാരമായി നല്‍കണമെന്ന് വിധിച്ചു. 

Tags