ഫ്രാന്‍സില്‍ സര്‍ക്കാരുണ്ടാക്കാന്‍ മാരി ലി പെന്നിന്റെ നാഷണല്‍ റാലി പാര്‍ട്ടിയെ ക്ഷണിച്ച് ഇമാനുവല്‍ മാക്രോണ്‍

macron
macron

പാരിസ്: ജൂലൈയിൽ നടന്ന തിരഞ്ഞെടുപ്പിന് ശേഷം രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്ന ഫ്രാന്‍സില്‍ സര്‍ക്കാരുണ്ടാക്കാന്‍ മാരി ലി പെന്നിന്റെ നാഷണല്‍ റാലി പാര്‍ട്ടിയെ ക്ഷണിച്ച് ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവല്‍ മാക്രോണ്‍.

തിരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ സീറ്റുകള്‍ നേടിയ ഇടതു സഖ്യമായ ന്യൂ പോപ്പുലര്‍ ഫ്രണ്ടിനെ തഴഞ്ഞാണ് മക്രോണിന്റെ പുതിയ നീക്കം. ഇടത് പക്ഷവുമായി ചേര്‍ന്ന് സഖ്യമുണ്ടാക്കിയാല്‍ തന്റെ മുന്നണിയായ എന്‍സെംബിള്‍ സഖ്യത്തെ വിശ്വാസ വോട്ടെടുപ്പില്‍ എതിര്‍ വോട്ട് ചെയ്ത് അവര്‍ പരാജയപ്പെടുത്തും എന്ന് ചൂണ്ടിക്കാട്ടിയാണ് പുതിയ നീക്കം.

ഇടത് സഖ്യത്തെ ‘സംഘടനയ്‌ക്കെതിരായ ഭീഷണി’ എന്ന് വിശേഷിപ്പിച്ച മാക്രോണ്‍ അവര്‍ ഭരണം നടത്താന്‍ പ്രാപ്തരല്ല എന്ന് പറയുകയുണ്ടായി. ജൂലൈയില്‍ ഫ്രഞ്ച് പാര്‍ലമെന്റായ നാഷണല്‍ അസംബ്ലിയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ഇടത് സഖ്യമായ ന്യൂ പോപ്പുലര്‍ ഫ്രണ്ട് 190 സീറ്റുകള്‍ നേടിയിരുന്നു.

മാക്രോണിന്റെ എന്‍സെംബിള്‍ 160ഉം മാരി ലി പെന്നിന്റെ നാഷണല്‍ റാലി 140 സീറ്റുകളും നേടി. എന്നാല്‍ കേവല ഭൂരിപക്ഷമായ 289 സീറ്റുകള്‍ ഒരു സഖ്യത്തിനും ലഭിക്കാത്തതിനാല്‍ സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ നീണ്ടുപോവുകയായിരുന്നു.

ഇതിനിടെ തിരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ സീറ്റുകള്‍ നേടിയ ഇടത് സഖ്യം സര്‍ക്കാര്‍ രൂപീകരിക്കാനുള്ള സന്നദ്ധത അറിയിച്ചു രംഗത്തെത്തിയിരുന്നു. കൂടുതല്‍ സീറ്റുകള്‍ നേടിയതിനാല്‍ പ്രധാനമന്ത്രിയായി അവരുടെ ഭാഗത്തെ ലൂസി കാസ്റ്റേസിനെ നിയമിക്കണമെന്ന് സഖ്യം ആവശ്യപ്പെട്ടു.

എന്നാല്‍ രാജ്യം ശിഥിലമാവാതെയും ദുര്‍ബലമാവാതെയും നോക്കേണ്ടത് തന്റെ ഉത്തരവാദിത്തം ആണെന്ന് പറഞ്ഞ മാക്രോണ്‍ ഇടത് പക്ഷത്തിന്റെ നീക്കത്തിനെതിരെ തീവ്ര വലതുപക്ഷവുമായി ചേര്‍ന്ന് സഭയില്‍ അവിശ്വാസ വോട്ട് ചെയ്ത് പരാജയപ്പെടുത്തുമെന്നും അഭിപ്രായപ്പെട്ടു.

Tags