ഹോൻഷുവിൽ ഭൂചലനം

earthquake

ടോക്കിയോ : ജപ്പാന്റെ കിഴക്കന്‍ തീരമായ ഹോന്‍ഷുവിനെ വലച്ച് ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം വ്യാഴാഴ്ചയാണ് ഉണ്ടായത്. യൂറോപ്യന്‍ മെഡിറ്ററേനിയന്‍ സീസ്‌മോളജിക്കല്‍ സെന്ററാണ് വിവരം വ്യക്തമാക്കിയത്.

ജപ്പാന്റെ അയല്‍ രാജ്യമായ തായ്വാനില്‍ ശക്തമായ ഭൂചലനം നേരിട്ടതിന്റെ തൊട്ടടുത്ത ദിവസമാണ് ജപ്പാനിലും ഭൂചലനം ഉണ്ടായത്. ഭൂകമ്പം 32 കിലോമീറ്റര്‍ (19.88 മൈല്‍) ആഴത്തിലായിരുന്നുവെന്നാണ് യൂറോപ്യന്‍ മെഡിറ്ററേനിയന്‍ സീസ്‌മോളജിക്കല്‍ സെന്റര്‍ വിശദമാക്കിയത്.

25 വര്‍ഷങ്ങക്കിടെയുണ്ടാവുന്ന ഏറ്റവും ശക്തിയേറിയ ഭൂചലനമാണ് ഇന്നലെ തായ്വാനിലുണ്ടായത്. കുടുങ്ങിക്കിടക്കുന്ന നൂറിലധികം പേരെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്.

ഭൂചലനം ഏറ്റവും സാരമായി ബാധിച്ച ഹുവാലിയന്‍ പ്രവിശ്യയില്‍ ഭക്ഷണവും മറ്റ് അവശ്യ വസ്തുക്കളും എയര്‍ ഡ്രോപ്പ് ചെയ്യുകയാണ് നിലവില്‍ ചെയ്യുന്നത്. മലകള്‍ വെടിയുണ്ട പോലെ വന്ന് പതിക്കുകയായിരുന്നുവെന്നാണ് ഭൂകമ്പത്തേക്കുറിച്ച് രക്ഷപ്പെട്ടവരിലൊരാള്‍ പ്രാദേശിക മാധ്യമങ്ങളോട് പ്രതികരിച്ചത്. മരിച്ച ഒന്‍പത് പേരില്‍ മൂന്ന് പേരും മലഞ്ചെരുവില്‍ ട്രെക്കിംഗിന് എത്തിയവരായിരുന്നു.

ലോകത്തിലെ തന്നെ ടെക്ടോണിക്കല്‍ ദുര്‍ബല മേഖലയിലുള്ള രാജ്യങ്ങളിലൊന്നാണ് ജപ്പാന്‍. അതിനാല്‍ തന്നെ ജപ്പാനിലെ നിര്‍മ്മിതികള്‍ക്ക് കൃത്യമായ മാനദണ്ഡങ്ങള്‍ രാജ്യം നിര്‍ബന്ധിതമാക്കിയിട്ടുണ്ട്.

2011 മാര്‍ച്ച് മാസത്തിലുണ്ടായ റിക്ടര്‍ സ്‌കെയിലില്‍ 9 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് ജപ്പാനെ ഏറ്റവുമധികം ബാധിച്ച ചലനങ്ങളിലൊന്ന്. ഇതിന് പിന്നാലെയുണ്ടായ സുനാമിയില്‍ 18500ഓളം പേരെയാണ് കാണാതാവുകയോ കൊല്ലപ്പെടുകയോ ചെയ്തത്. ബുധനാഴ്ച തായ്വാനിലുണ്ടായ 7.4 തീവ്രതയുള്ള ഭൂചലനത്തില്‍ 9 പേര്‍ കൊല്ലപ്പെടുകയും ആയിരത്തില്‍ അധികം ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

Tags