വിശുദ്ധരുടെ ഗണത്തിലേക്ക് ദേവസഹായം പിള്ളയെ ഉയർത്തി ഫ്രാൻസിസ് മാർപാപ്പ

google news
devasahayam
കന്യാകുമാരി ജില്ലയിലെ മാർത്താണ്ഡത്തിനു സമീപം നട്ടാലത്ത് 1712 ഏപ്രിൽ 23ന് ജനിച്ച നീലകണ്ഠപ്പിള്ളയാണ് പിൽക്കാലത്തു ക്രിസ്തുമതം സ്വീകരിച്ചു ദേവസഹായം പിള്ളയായി മാറിയത്. മാർത്താണ്ഡവർമയുടെ ഭരണകാലത്ത് തിരുവിതാംകൂർ സൈന്യത്തിൽ ഉന്നതപദവി വഹിച്ചിരുന്നു. വടക്കാൻകുളം പള്ളിയിലെ ഇൗശോ സഭ വൈദികനായിരുന്ന ജെ.പി.ബുട്ടാരിയിൽ നിന്ന് 1745 മേയ് 17ന് ജ്ഞാനസ്നാനം സ്വീകരിച്ചു. ക്രിസ്തുമതത്തിൽ അടിയുറച്ചു വിശ്വസിച്ച ദേവസഹായം പിള്ള കാറ്റാടിമലയിൽ 1752 ജനുവരി 14ന് വെടിയേറ്റു മരിച്ചുവെന്നാണു ചരിത്രം. 2012 ഡിസംബർ 2നാണ് വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചത്.

വത്തിക്കാൻ∙ ദേവസഹായം പിള്ളയെ വിശുദ്ധരുടെ ഗണത്തിലേക്ക് ഉയർത്തി. വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ നടന്ന ചടങ്ങിൽ ഫ്രാൻസിസ് മാർപാപ്പയാണ് അദ്ദേഹത്തെ വിശുദ്ധനായി പ്രഖ്യാപിച്ചത്.

 ദേവസഹായം പിള്ളയ്ക്കു പുറമെ മറ്റ് 9 പേരെക്കൂടി വിശുദ്ധരായി പ്രഖ്യാപിച്ചു. ഇന്ത്യയിൽ വിശുദ്ധ പദവിയിലേക്ക് ഉയർത്തപ്പെടുന്ന ആദ്യ അൽമായ രക്തസാക്ഷിയാണ് ദേവസഹായം പിള്ള. ആഹ്ലാദസൂചകമായി കത്തോലിക്കാ ദേവാലയങ്ങളിൽ ഇന്ന് 2.30നു മണി മുഴങ്ങി. ദേവസഹായത്തെ വിശുദ്ധ പദവിയിലേക്ക് ഉയർത്തിയതിന്റെ ദേശീയതല ആഘോഷം ഭൗതിക ശരീരം അടക്കം ചെയ്ത നാഗർകോവിൽ കോട്ടാർ സെന്റ് ഫ്രാൻസിസ് സേവ്യർ ദേവാലയത്തിൽ ജൂൺ 5നു നടക്കും.

കന്യാകുമാരി ജില്ലയിലെ മാർത്താണ്ഡത്തിനു സമീപം നട്ടാലത്ത് 1712 ഏപ്രിൽ 23ന് ജനിച്ച നീലകണ്ഠപ്പിള്ളയാണ് പിൽക്കാലത്തു ക്രിസ്തുമതം സ്വീകരിച്ചു ദേവസഹായം പിള്ളയായി മാറിയത്. മാർത്താണ്ഡവർമയുടെ ഭരണകാലത്ത് തിരുവിതാംകൂർ സൈന്യത്തിൽ ഉന്നതപദവി വഹിച്ചിരുന്നു. വടക്കാൻകുളം പള്ളിയിലെ ഇൗശോ സഭ വൈദികനായിരുന്ന ജെ.പി.ബുട്ടാരിയിൽ നിന്ന് 1745 മേയ് 17ന് ജ്ഞാനസ്നാനം സ്വീകരിച്ചു. ക്രിസ്തുമതത്തിൽ അടിയുറച്ചു വിശ്വസിച്ച ദേവസഹായം പിള്ള കാറ്റാടിമലയിൽ 1752 ജനുവരി 14ന് വെടിയേറ്റു മരിച്ചുവെന്നാണു ചരിത്രം. 2012 ഡിസംബർ 2നാണ് വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചത്.

യഹൂദരെ സഹായിച്ചതിന് നാസി തടങ്കൽ പാളയത്തിൽ കൊല്ലപ്പെട്ട പുരോഹിതൻ ടൈറ്റസ് ബ്രാൻഡ്സ്മ, സിസ്റ്റേഴ്സ് ഓഫ് ദ് പ്രസന്റേഷൻ ഓഫ് മേരി സന്യാസിനി സഭയ്ക്കു രൂപം നൽകിയ ഫ്രഞ്ച് കന്യാസ്ത്രീ മേരി റിവിയർ, കപ്പൂച്ചിൻ സിസ്റ്റേഴ്സ് ഓഫ് ദി ഇമാക്കുലേറ്റ് ഓഫ് ലൂർദ്സ് എന്ന സന്യാസിനി സഭയ്ക്കു തുടക്കം കുറിച്ച ഇറ്റാലിയൻ കന്യാസ്ത്രീ കരോലിന സാന്റോകനാലെ, ട്രാപിസ്റ്റ് സഭയിൽ ഫ്രാൻസിലും
സിറിയയിലുമായി ആശ്രമജീവിതം നയിച്ച ചാൾസ് ഡെ ഫുക്കോൾഡ്, ഫാദേഴ്സ് ഓഫ് ക്രിസ്റ്റ്യൻ ഡോക്ടറിൻ സഭയുടെ സ്ഥാപകനും ഫ്രഞ്ചുകാരനുമായ സെസാർ ഡെ ബൂസ്, ഇറ്റാലിയൻ പുരോഹിതനും സിസ്റ്റേഴ്സ് ഓഫ് ദ് പുവർ സന്യാസിനി സഭയുടെ സ്ഥാപകനുമായ ലൂയിജി മരിയ പാലാസോളോ, സൊസൈറ്റി ഓഫ് ഡിവൈൻ വൊക്കേഷന്റെയും വൊക്കേഷനിസ്റ്റ് സിസ്റ്റേഴ്സിന്റെയും സ്ഥാപകനായ ഇറ്റാലിയൻ വൈദികൻ ഗിയുസ്റ്റിനോ മരിയ റുസോലില്ലോ, ഇറ്റാലിയൻ കന്യാസ്ത്രീയും കപ്പൂച്ചിൻ സിസ്റ്റേഴ്സ് ഓഫ് മദർ റുബാറ്റോ സന്യാസിനി സമൂഹത്തിന്റെ സ്ഥാപകയുമായ അന്നാ മരിയ റുബാറ്റോ, ലിറ്റിൽ സിസ്റ്റേഴ്സ് ഓഫ്ദ് ഹോളി ഫാമിലി സഭയുടെ സഹസ്ഥാപകയും ഇറ്റാലിയൻ കന്യാസ്ത്രീയുമായ മരിയ ഡൊമേനിക്കാ മാന്റോവനി എന്നിവരെയുമാണ് വിശുദ്ധരായി പ്രഖ്യാപിച്ചത്.

Tags