യുവാക്കളെ നിങ്ങൾ പ്രേമിക്കുക, വിവാഹം കഴിക്കുക, കുഞ്ഞുങ്ങൾക്ക് ജന്മം നൽകുക..; കോളേജുകളിൽ 'ലവ് എജ്യുക്കേഷനു'മായി ചൈന‌

China with love education in colleges
China with love education in colleges

രാജ്യത്തെ ജനനനിരക്ക് ​ഗണ്യമായി കുറഞ്ഞതോടെ ആകെ ആശങ്കയിലാണ് ചൈന. ഇതേത്തുടർന്ന് തങ്ങളെക്കൊണ്ടാവും വിധമെല്ലാം യുവാക്കളെ വിവാഹം കഴിപ്പിക്കാനും കുടുംബവും കുട്ടികളുമായി ജീവിക്കാനും പ്രേരിപ്പിക്കുകയാണ് ഭരണകൂടം.. ഇതിന്റെ ഭാഗമായാണ് കോളേജിലും യൂണിവേഴ്സിറ്റികളിലും പ്രണയം, ബന്ധം, കുടുംബം, കുട്ടികൾ എന്നിവയെ കുറിച്ച് പഠിപ്പിക്കാൻ ഒരുങ്ങുന്നത്.

ഇങ്ങനെ 'ലവ് എജ്യുക്കേഷന്‍' നല്‍കിയാല്‍ വിദ്യാര്‍ത്ഥികളില്‍ വിവാഹം, കുടുംബം, കുട്ടികള്‍ ഇവയെ ഒക്കെ കുറിച്ച് പൊസിറ്റീവായ മനോഭാവം വരുമെന്നാണ് ചൈനയുടെ പ്രതീക്ഷ. പ്രണയം, വിവാഹം, കുഞ്ഞുങ്ങൾ എന്നിവയെല്ലാം പൊസിറ്റീവായി കാണുന്ന ഒരു സംസ്കാരം വളർത്തിയെടുക്കാൻ അത് സഹായിക്കുമെന്നും ചൈന പ്രതീക്ഷിക്കുന്നു. 

love

കുഞ്ഞുങ്ങളുണ്ടാവുന്നതിന് അനുയോജ്യരായി ചൈന കണക്കാക്കുന്നത് യുവാക്കളെയാണ്. എന്നാൽ, വിവാഹത്തോടും കുടുംബത്തോടും, കുഞ്ഞുങ്ങളോടും ഒക്കെയുള്ള ചൈനയിലെ യുവാക്കളുടെ കാഴ്ച്ചപ്പാട് പല കാരണങ്ങൾകൊണ്ടും മാറിയിരിക്കുകയാണ്. പല യുവാക്കൾക്കും ഇതിനോടൊന്നും ഒരു താല്പര്യവുമില്ല. ഈ സാഹചര്യത്തിലാണ് വിദ്യാർത്ഥികളിൽ ബന്ധങ്ങളുടെയും വിവാഹത്തിന്റെയും പ്രാധാന്യത്തെ കുറിച്ച് ബോധ്യമുണ്ടാക്കാൻ കോഴ്‌സുകൾ ആരംഭിക്കുന്നത്.

വിവാഹം, പ്രണയം എന്നിവയെല്ലാം പഠിപ്പിക്കുന്ന കോഴ്സുകൾ വാ​ഗ്ദ്ധാനം ചെയ്യണം. അതിലൂടെ വിദ്യാർത്ഥികളിൽ ബന്ധങ്ങളുടെയും വിവാഹത്തിന്റെയും പ്രാധാന്യത്തെ കുറിച്ച് ബോധ്യമുണ്ടാക്കണം. അതിനുള്ള ഉത്തവാദിത്വം കോളേജുകളും സർവകലാശാലകളും ഏറ്റെടുക്കണമെന്നാണ് ചൈനയിലെ ഔദ്യോഗിക പ്രസിദ്ധീകരണമായ ചൈന പോപ്പുലേഷൻ ന്യൂസിനെ ഉദ്ധരിച്ച് ജിയാങ്‌സു സിൻഹുവ ന്യൂസ്പേപ്പർ ഗ്രൂപ്പ് പറയുന്നത്. 

couples

അതേസമയം ജനനനിരക്ക് വർധിപ്പിക്കാൻ ആളുകളെ പ്രോത്സാഹിപ്പിക്കുന്നതിനായി പല പദ്ധതികൾക്കും ചൈന  രൂപം കൊടുത്തിട്ടുണ്ട്. പ്രസവിക്കുമ്പോൾ വേദനയില്ലാതാക്കുന്ന മരുന്നുകൾക്ക് അടുത്തിടെയാണ് സർക്കാർ സബ്സിഡി പ്രഖ്യാപിച്ചത്. 

നേരത്തെ വലിയ തുകകൾ ഈടാക്കിയിരുന്നതിനാൽ തന്നെ ഈ മരുന്നുകൾ വാങ്ങുക പലരേയും സംബന്ധിച്ച് പ്രയാസകരമായിരുന്നു. അതിനിടയിലാണ് കുഞ്ഞുങ്ങൾക്ക് ജന്മം നൽകുന്നതിനെ പ്രോത്സാഹിപ്പിക്കുന്നതിനായി സർക്കാർ‌ മരുന്നുകൾക്ക് സബ്സിഡി ഏർപ്പെടുത്തിയത്.