ഇന്ത്യയുടെ അതിർത്തിക്കടുത്ത് മിസൈൽ പരീക്ഷണം നടത്തി ചൈന
ന്യൂഡൽഹി: ഇന്ത്യയുടെ അതിർത്തിക്കടുത്തുള്ള കാരക്കോറം പീഠഭൂമിയിൽ മിസൈൽ പരീക്ഷണം നടത്തി ചൈന. ഇന്ത്യക്കുള്ള ശക്തമായ മുന്നറിയിപ്പായി നിരീക്ഷകർ ഇതിനെ വിലയിരുത്തുന്നു. ഇന്ത്യയും ചൈനയും തമ്മിലുള്ള നയതന്ത്ര ചർച്ചകൾ നടക്കുന്നതിനിടെയാണ് പരീക്ഷണം നടന്നതെന്ന് ചൈനീസ് മാധ്യമം റിപ്പോർട്ട് ചെയ്തു.
17,390 അടി ഉയരത്തിൽ സബ്‌സോണിക് ക്രൂയിസ് മിസൈലിനെയാണ് പരീക്ഷിച്ചത്. ഇന്ത്യയുടെ ആയുധശേഖരത്തിൽ ഉണ്ടായിരിക്കാവുന്ന ഏറ്റവും മികച്ച മിസൈലുകളെ ചൈനക്ക് വീഴ്ത്താൻ കഴിയുമെന്ന് കാണിക്കാനുള്ള ശക്തി പ്രകടനമാണ് ഈ പരീക്ഷണമെന്ന് റിപ്പോർട്ടുകൾ പറയുന്നു. ‘പരീക്ഷണത്തിന്റെ സ്ഥലം വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ അതിർത്തിയോടുള്ള സാമീപ്യം ഇത് ഒരു പ്രതിരോധ തന്ത്രത്തിന്റെ ഭാഗമാണെന്ന് വിശകലന വിദഗ്ധർ പറയുന്നുവെന്നും ചൈനീസ് മാധ്യമമായ സൗത്ത് ചൈന മോണിങ് പോസ്റ്റ് പറഞ്ഞു.
ചൈനയും ഇന്ത്യയും ബീജിങ്ങിൽ അതിർത്തി വിഷയത്തിൽ 31ാ മത് കൂടിക്കാഴ്ച നടത്തിയ അതേദിവസം തന്നെയാണ് ചൈനീസ് മാധ്യമം മിസൈൽ പരീക്ഷണം റിപ്പോർട്ട് ചെയ്തത്. 2020ലെ ഗാൽവാൻ ഏറ്റുമുട്ടലുകളും ഇന്ത്യയുമായുള്ള അതിർത്തി പ്രശ്‌നങ്ങളും മുതൽ അതിർത്തി പീഠഭൂമി മേഖലയിൽ ചൈന ഇത്തരം ആയുധ പരീക്ഷണങ്ങൾ നടത്തുന്നുണ്ടെന്നും സൗത്ത് ചൈന മോണിങ് പോസ്റ്റ് പറഞ്ഞു.