പൂച്ചയെ ചവിട്ടി കടലിലിട്ട യുവാവ് അറസ്റ്റിൽ; സംഭവം ഗ്രീസിൽ
catissue

ഗ്രീസിലെ എവിയ ദ്വീപിൽ പൂച്ചയെ തൊഴിച്ച് കടലിലിട്ട യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഭക്ഷണം നൽകാനെന്ന വ്യാജേന മിണ്ടാപ്രാണിയെ അടുത്തേക്ക് വിളിച്ചു വരുത്തി കടലിൽ ഇടുകയായിരുന്നു. പൂച്ചയെ ഉപദ്രവിക്കുന്ന ദൃശ്യം സമൂഹമാധ്യമങ്ങളിലെത്തിയതോടെ സംഭവം രാജ്യാന്തര ശ്രദ്ധനേടുകയായിരുന്നു. സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

കടലിന് അഭിമുഖമായി സജീകരിച്ചിരിക്കുന്ന റസ്റ്ററന്റിൽ ഭക്ഷണം കഴിക്കാനെത്തിയ യുവാവാണ് അവിടെയുണ്ടായിരുന്ന പൂച്ചകളോട് ക്രൂരത കാട്ടിയത്. ആദ്യം അടുത്തേക്കെത്തിയ പൂച്ചയെ ഇയാൾ ഭക്ഷണം കാണിച്ച ശേഷം കടലിലേക്ക് കാലുകൊണ്ട് തള്ളിയിടുകയായിരുന്നു. ഇയാൾക്കൊപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾ പൂച്ചയെ തൊഴിച്ച് വെള്ളത്തിലിടുന്നത് കണ്ട് ഉച്ചത്തിൽ ചിരിക്കുന്നതും വിഡിയോയിൽ വ്യക്തമാണ്.

ഇയാൾക്കെതിരെ കടുത്ത നിയമ നടപടിയെടുക്കണമെന്ന ആവശ്യവും ഉയർന്നു. 2020 തിലെ പരിഷ്ക്കരിച്ച നിയമപ്രകാരം 10 വർഷം വരെ തടവും കനത്ത തുക പിഴയും ലഭിക്കാവുന്ന കുറ്റകൃത്യമാണിതെന്ന് പൊലീസ് വിശദീകരിച്ചു. മൃഗങ്ങൾക്കെതിരെയുള്ള ക്രൂരത ക്ഷമിക്കാനാവുന്നതല്ലെന്ന് ഗ്രീക്ക് മന്ത്രി ടാക്കിസ് തിയോഡോർകാകോസ് വ്യക്തമാക്കി. പൂച്ചയ്ക്ക് അപകടമൊന്നും സംഭവിച്ചില്ലെന്നും തമാശയ്ക്കാണ് അതിനെ തള്ളിയിട്ടതെന്നും യുവാവ് പൊലീസിനൊട് പറഞ്ഞു.

Share this story