തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നു ; എക്സിന് വിലക്കേർപ്പെടുത്തി ബ്രസീൽ സുപ്രീംകോടതി
റിയോ ഡി ജനീറോ: സമൂഹമാധ്യമമായ എക്സിന് വിലക്കേർപ്പെടുത്തി ബ്രസീൽ സുപ്രീംകോടതി. പുതിയ അഭിഭാഷകനെ നിയമിക്കാൻ കോടതി നിർദേശിച്ച സമയം അവസാനിച്ചതിനാലാണ് വിലക്ക്. കോടതി ഉത്തരവുകൾ നടപ്പാക്കുകയും, പിഴ അടക്കുകയും ചെയ്യും വരെ എക്സിന്റെ എല്ലാ പ്രവർത്തനങ്ങളും നിർത്തിവയ്ക്കാനാണ് നിർദേശം.
തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതിനെതിരെ എക്സിന്റെ ഡസൻ കണക്കിന് അക്കൗണ്ടുകൾ സസ്പെൻഡ് ചെയ്യാൻ ഏപ്രിലിൽ സുപ്രീംകോടതി ഉത്തരവിട്ടതോടെയാണ് പോര് തുടങ്ങിയത്. മസ്കിന്റെ ഉടമസ്ഥതയിലുള്ള സ്റ്റാർലിങ്ക് സാറ്റ്ലൈറ്റ് ഇന്റർനെറ്റിന്റെ ബ്രസീലിലെ സേവനങ്ങളും കോടതി മരവിപ്പിച്ചിട്ടുണ്ട്.
പിഴകൾ പൂർണമായി അടയ്ക്കുകയും എല്ലാ കോടതി ഉത്തരവുകൾ പാലിക്കുകയും ചെയ്യുന്നത് വരെ വിലക്ക് ബാധകമാവുമെന്നാണ് ബ്രസീൽ വിശദമാക്കിയിട്ടുള്ളത്.
ഏപ്രിലിൽ ചില അക്കൗണ്ടുകൾ നീക്കം ചെയ്യാനുള്ള ഉത്തരവിനോട് അഭിപ്രായ സ്വാതന്ത്ര്യമാണ് ജനാധിപത്യത്തിൻ്റെ അടിത്തറയെന്നും ബ്രസീലിലെ തിരഞ്ഞെടുക്കപ്പെടാത്ത ഒരു കപട ജഡ്ജി അതിനെ രാഷ്ട്രീയ ആവശ്യങ്ങൾക്കായി നശിപ്പിക്കുകയാണ് എന്നാണ് ഇലോൺ മസ്ക് പ്രതികരിച്ചത്.
ഇലോൺ മസ്കും യൂറോപ്യൻ യൂണിയനുമായി നടക്കുന്ന പോരിലെ ഏറ്റവും ഒടുവിലത്തേതാണ് ബ്രസീലിലേത്. നേരത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി സ്റ്റാർമറുമായി വാക് പോര് നടന്നിരുന്നു.