തീം പാർക്കിലെ പരിശീലകയെ കടിച്ച് കുടഞ്ഞ് ബംഗാൾ കടുവ; സംഭവം ആളുകൾക്ക് പരിചയപ്പെടുത്താൻ കൊണ്ടുവരുന്നതിനിടെ

bengal tiger
bengal tiger

ക്വീൻസ്ലാൻഡ്: തന്റെ പരിശീലകയെ കടിച്ച് കുടഞ്ഞ് ബംഗാൾ കടുവ. തിങ്കളാഴ്ച രാവിലെ 9 മണിയോടെ ഓസ്ട്രേലിയയിലെ ക്വീൻസ്ലാൻഡിലെ 
ഡ്രീം വേൾഡ് എന്ന തീം പാർക്കിലാണ് സംഭവം. നാൽപത് വയസ് പ്രായമുള്ള പരിശീലകയ്ക്കാണ് കടുവയുടെ ആക്രമണത്തിൽ പരിക്കേറ്റത്. ശരീരമാസകലം പരിക്കേറ്റെങ്കിലും പരിശീലകയുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് ക്വീൻസ്ലാൻഡ് ആംബുലൻസ് സർവീസ് വിശദമാക്കി. 

 കടുവയുടെ ആക്രമണത്തിൽ രക്തം വാർന്നൊലിച്ച നിലയിലാണ് യുവതിയെ കടുവ കൂട്ടിൽ നിന്ന് പുറത്തെടുക്കാൻ സാധിച്ചത്. എന്നാൽ ഇത് ഒറ്റപ്പെട്ട സംഭവമാണെന്നാണ് പാർക്ക് അധികൃതർ പറയുന്നത്. ദിവസത്തിൽ രണ്ട് തവണയാണ് പാർക്കിൽ കടുവകളുമായി അടുത്ത് ഇടപഴകാനുള്ള അവസരം ഒരുക്കിയിട്ടുള്ളത്. ഈ പാർക്കിലെ ഏറ്റവും മുതിർന്ന പരിശീലകരിലൊരാളാണ് ആക്രമണത്തിൽ പരിക്കേറ്റിട്ടുള്ളത്. 2013ൽ സമാനമായ മറ്റൊരു ആക്രമണത്തിൽ പരിശീലകന് പരിക്കേറ്റ് കിടപ്പിലായിരുന്നു. 

കടുവകളെ ആളുകൾക്ക് കൂടുതലായി പരിചയപ്പെടുത്തുകയെന്ന ലക്ഷ്യത്തിലാണ് ഡ്രീം വേൾഡ് ടൈഗർ ഐസ്ലാൻഡ് 30 വർഷം മുൻപ് പ്രവർത്തനം ആരംഭിച്ചത്. ലോകത്തിൽ തന്നെ നിലവിൽ ഇത്തരത്തിൽ പ്രവർത്തിക്കുന്ന രണ്ട് പാർക്കുകളിൽ ഒന്നാണ് ഇത്. സുമാത്രൻ, ബംഗാൾ കടുവകളെയാണ് ഈ പാർക്കിൽ പാർപ്പിച്ചിട്ടുള്ളത്. രണ്ട് മില്യൺ ആളുകൾ ഓരോ വർഷവും സന്ദർശിക്കുന്ന ഈ പാർക്കിൽ 9 ബംഗാൾ കടുവകളാണ് ഉള്ളത്. അതേസമയം സംഭവത്തിനു പിന്നാലെ പാർക്ക് അടച്ചിരിക്കുകയാണ് അധികൃതർ.

Tags