ആക്രമണങ്ങൾ ഇനി ഒരു തരത്തിലും അനുവദിക്കില്ല ; ഇംറാൻ ഖാന്റെ അണികൾക്ക് മുന്നറിയിപ്പുമായി പാക് സൈനിക മേധാവി

google news
ksklsp

ഇസ്‍ലാമാബാദ്: ഇംറാൻ ഖാന്റെ അണികൾക്ക് മുന്നറിയിപ്പുമായി പാകിസ്താൻ ​ചീഫ് ഓഫ് ആർമി സ്റ്റാഫ് ജനറൽ അസീം മുനീർ. മെയ് ഒമ്പതിലെ പോലെ ആസൂത്രണം ചെയ്ത് നടപ്പാക്കുന്ന ആക്രമണങ്ങൾ ഇനി ഒരു തരത്തിലും അനുവദിക്കില്ലെന്ന് അസീം മുനീർ വ്യക്തമാക്കി. നമ്മുടെ രക്തസാക്ഷികളെയും അവരുടെ സ്മാരകങ്ങളെയും അപമാനിക്കാൻ ആരെയും അനുവദിക്കില്ല. അവർ പ്രചോദനം നൽകുന്നവരാണ്. സായുധ സേനയുടെയും നിയമപാലക സംഘത്തിന്റെയും സർക്കാറിന്റെയും പാക് ജനതയുടെയും അഭിമാന സ്തംഭങ്ങളാണ്. -ആർമി ചീഫ് സിയാൽ കോട്ട് ഗാരിസൺ സന്ദർശിച്ചപ്പോൾ വ്യക്തമാക്കി.

സിയൽ കോട്ട് ഗാരിസണിൽ രക്തസാക്ഷികളുടെ സ്മാരകങ്ങൾക്ക് മുന്നിൽ പുഷ്പചക്രം അർപ്പിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അസീം മുനീർ. കൊല്ലപ്പെട്ടവർ പാക് ജനതയുടെ മനസിൽ എന്നും ബഹുമാനിക്കപ്പെടും. - അദ്ദേഹം പറഞ്ഞു.

ഈയിടെയുണ്ടായ ആസൂത്രണം ചെയ്ത് നടപ്പാക്കപ്പെട്ട തരത്തിലുള്ള ആക്രമണങ്ങൾ ഒരിക്കലും വെച്ചുപൊറുപ്പിക്കില്ല. രാജ്യത്തെ അപമാനത്തിലാഴ്ത്തിയ മെയ് ഒമ്പതിലെ അക്രമങ്ങളിൽ ഉത്തരവാദികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരും. -അദ്ദേഹം കൂട്ടിച്ചേർത്തു.

പാകിസ്താൻ മുൻ പ്രധാനമ​ന്ത്രിയും പാകിസ്താൻ തെഹ്‍രീകെ ഇൻസാഫ് മേധാവിയുമായ ഇംറാൻ ഖാന്റെ അറസ്റ്റിനെ തുടർന്നാണ് മെയ് ഒമ്പതിന് അക്രമസംഭവങ്ങൾ അരങ്ങേറിയത്. സൈനിക ക്യാമ്പുകളിലുൾപ്പെടെ ആക്രമണമുണ്ടാവുകയും സ്മാരകങ്ങൾ തകർക്കപ്പെടുകയും ചെയ്തിരുന്നു. അക്രമ സംഭവങ്ങളിൽ 12 ഓളം പേർ കൊല്ലപ്പെടുകയുമുണ്ടായി.

Tags